ഒരു തുറന്ന ചർച്ചാവേദി

Saturday, 31 December 2016

ആ രാത്രിയില്‍ AMRTHA ആശുപത്രിയില്‍ നടന്നതെന്ത്?

ജാഗ്രത! നിങ്ങള്‍ വഞ്ചിതരാകരുത്‌

ആശുപത്രികളില്‍ കത്രികകള്‍ക്ക് ഇരയാവുന്നതിന് മുമ്പ് 
ശ്രദ്ധിക്കുക. ഇത് ആദ്യത്തേയൊ 
അവസാനത്തേയോ സംഭവമല്ല


രോഗങ്ങളുടെ അഭാവം മാത്രമല്ല ആരോഗ്യം. ശാരീരികവും മാനസികവും സാമൂഹികവും ആയ സമ്പൂര്‍ണ ക്ഷേമാവസ്ഥയെയാണ് ആരോഗ്യമെന്ന് ലോകാരോഗ്യ സംഘടനയും, അളന്നു കൊടുക്കാത്ത മരുന്ന് വിഷമായേക്കാമെന്ന് പോളിഷ് ചൊല്ലുമുണ്ട്. ചില വാര്‍ത്തകള്‍ മരുന്നുകള്‍ പോലെയാണ്. കൃത്യ സമയത്ത് മരുന്നുകള്‍ നല്‍കാത്ത അവസ്ഥയില്‍ രോഗം കഠിനാമാകുന്നതുപോലെ ചില വാര്‍ത്തകള്‍ സമയബന്ധിതമായി വെളിയില്‍ അറിഞ്ഞില്ലെങ്കില്‍ കുടുംബബന്ധങ്ങള്‍വരെ ശിഥിലമാകാനിടയുണ്ട്.
ഉത്സവപ്പറമ്പുകളില്‍ നടക്കാത്ത ബാല്യങ്ങളുണ്ടാകില്ല. ബലൂണുകള്‍, കളിക്കോപ്പുകള്‍, തട്ടുകടകള്‍... ഇങ്ങനെപോകുന്ന നീണ്ടനിരകള്‍ നമുക്ക് കാണാനാകുന്നത് ഉത്സവപ്പറമ്പുകളില്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ഇത്തരം നിരകള്‍ മറ്റൊരിടത്തും കാണാം. ആശുപത്രികളുടെ സമീപത്താണ് ഇവ കാണാനാവുക. അവിടെ എന്നും തിരക്കാണ്. നമ്മുടെ ജീവിതശൈലീ രോഗങ്ങളെ ആര്‍ഭാടമാക്കുന്നതിനോടൊപ്പം അവര്‍ നമുക്ക് നീട്ടുന്ന ബില്ലുകള്‍ ഓര്‍ക്കാറുണ്ടോ? ഇതൊക്കെ പറഞ്ഞുകേട്ട് തഴമ്പിച്ചു. അതിലേയ്ക്കല്ല. മറ്റു ചില കാര്യങ്ങളിലേയ്ക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനും കൂടിയാണ് ഈ ലേഖനം. തള്ളുന്നതും കൊള്ളുന്നതും നിങ്ങളുടെ ഹിതംപോലെ.
ഇക്കഴിഞ്ഞയിടയ്ക്ക് ഒരു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ'പ്രമുഖ' (അങ്ങനെതന്നെയാണ് ഈ ആശുപത്രി ഇപ്പോള്‍ അറിയപ്പെടുന്നത്) യില്‍ നടന്ന സംഭവമാണ് ഇത്. 



കഴിഞ്ഞയാഴ്ച ഒരുദിവസം രാത്രി 9.30യോട് അടുപ്പിച്ചു തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രിയുടെ കുട്ടികളുടെ അത്യാഹിത വിഭാഗത്തിലേക്ക് ഒരു ആംബുലന്‍സ് പാഞ്ഞു വന്നുനിന്നു. സ്ഥിരം കാണുന്ന കാഴ്ച. കൊച്ചിയിലെ മേല്‍പ്പറഞ്ഞ പ്രമുഖ ആശുപത്രിയില്‍ നിന്നുമാണത്രേ ഇതിന്റെ വരവ്. നിരവധി വിവാദങ്ങള്‍ക്ക് പാത്രമാകയാല്‍ ടി ആശുപത്രി കേള്‍വികേട്ടതിനാലും നിരവധി പേരുടെ കണ്ണീരിന്റെ നനവില്‍ കെട്ടിപ്പൊക്കിയതാണെന്നും അറിയാവുന്നതിനാല്‍ കൂടുതലറിയാനുള്ള ജിജ്ഞാസയില്‍ കാര്യം തിരക്കി. പത്തനംതിട്ട ആശുപത്രിയില്‍ പ്രസവത്തിനെത്തിയതായിരുന്നു അവര്‍. അവര്‍ക്ക് 24 ദിവസം മുന്നേ ഒരു ആണ്‍കുട്ടി ജനിക്കുകയും ചെയ്തു. ജന്മനാ ഹൃദയത്തില്‍ കുഴപ്പങ്ങളുണ്ടായിരുന്ന കുഞ്ഞിനെ സൗകര്യങ്ങള്‍ കുറവായതിനാല്‍ നമ്മുടെ പ്രമുഖ ആശുപത്രിയിലേയ്ക്ക് റഫറന്‍സ് ചെയ്തു. അങ്ങനെ അടുത്ത ദിവസങ്ങളില്‍ത്തന്നെ അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. 



 അധിക ചികിത്സയ്ക്ക് മുതിരാതെ, വന്നപ്പോള്‍ തന്നെ ഡോക്ടര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് അവരെ കുഞ്ഞിന് ഓപ്പറേഷന്‍ ഉടനെ വേണം എന്നും അതിനു മാത്രം ഏകദേശം 3 ലക്ഷം ഉടനെ കെട്ടണം എന്നും പറഞ്ഞു. പെട്ടെന്ന് അത്രയും പണം കണ്ടെത്താന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് കുഞ്ഞിനെ മാറ്റാം എന്ന് കുഞ്ഞിന്റെ ബന്ധുക്കള്‍ തീരുമാനിച്ചു. എന്നാല്‍ കുഞ്ഞിനെ മാറ്റാനാകില്ലെന്നും അതേസമയം പണം നല്‍കിയാല്‍ ചികിത്സിക്കാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ അവസ്ഥയില്‍ കുഞ്ഞിനെ മാറ്റാനാകില്ലെന്നുതുടങ്ങിയ പല കാര്യങ്ങളാലും കുട്ടിയുടെ വീട്ടുകാരെ ഭയപ്പെടുത്തിയ ഇവര്‍ പണം നല്‍കില്ലെങ്കില്‍ കുഞ്ഞിനെ ചികിത്സിക്കില്ലെന്ന് കട്ടായം പറയുകയും ചെയ്തു. പണമില്ലാതെ കുട്ടിയെ ചികിത്സിക്കുകയുമില്ല, വിടുതലും നല്‍കില്ലെന്ന അവസ്ഥ.
          എന്തായാലും കുട്ടിയെ അവിടെനിന്ന് മാറ്റാന്‍തന്നെ തീരുമാനിച്ച വീട്ടുകാര്‍ കുഞ്ഞിനെ അഡ്മിറ്റ് ചെയ്ത ദിവസത്തെ വിദഗ്ധ പരിശോധനഫലം ആവശ്യപ്പെട്ടു. കുഞ്ഞിന്റെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഡോക്ടര്‍ രേഖപ്പെടുത്തിയ റഫറന്‍സ് ലെറ്ററും കൂടി തരാമെങ്കില്‍ ബാക്കി ചികിത്സ തിരുവനന്തപുരത്തേക്ക് മാറ്റികൊള്ളാം എന്ന് അപേക്ഷിച്ചു. അനുമതിയില്ലാതെ ഡിസ്ചാര്‍ജ് വാങ്ങിയെന്ന രീതിയിലും, വീട്ടുകാരുടെ നിര്‍ബന്ധംമൂലം കുട്ടിയ്ക്ക് വിടുതല്‍ നല്‍കിയെന്ന മാനദണ്ഡത്തിലും 'ഡിസ്ചാര്‍ജ് എഗെന്‍സ്റ്റ് ദ കണ്‍സന്റ്' നല്‍കി ഒരു ദിവസത്തെ തുകയായ 55000 രൂപ അടച്ച് ശേഷം 'പ്രമുഖ' ആശുപത്രിയുടെ തന്നെ ആംബുലന്‍സും നല്‍കി. തുക 16500. ഒരു ദിവസം ചികിത്സ ലഭിക്കാതെ വൈകിപ്പിച്ചതിന് പ്രമുഖ ആശുപത്രി നല്‍കിയ സ്‌നേഹ സമ്മാനമായ ബില്ല് 71500 രൂപ. കാര്യങ്ങള്‍ ഇവിടംകൊണ്ട് അവസാനിച്ചില്ല. മുമ്പ് ചികിത്സിച്ച ആശുപത്രിയിലെ രേഖകള്‍ ഇല്ലാത്തത് ബന്ധുക്കളെ ബുദ്ധിമുട്ടിച്ചു. അതും പ്രമുഖയുടെ സംഭാവന. കച്ചവടക്കണ്ണുള്ള ഇത്തരം കഴുകന്മാര്‍ക്കിടയില്‍പ്പെട്ടാല്‍ സംഭവിക്കുന്ന ദുരന്തങ്ങളാണിവയെന്നിരിക്കിലും ഒരു ചോദ്യം മാത്രം ബാക്കി നില്‍ക്കുന്നു. 

ഒരു 'പ്രമുഖ' കച്ചവട സ്ഥാപനവും, ആ കുഞ്ഞിന്റെ രക്ഷകര്‍ത്താക്കള്‍ ഒരു ഉപഭോക്താവും ആണെങ്കില്‍, ഒരാള്‍ അവിടെന്ന് പണം കൊടുത്തു മേടിച്ച സേവനത്തിന്റെ പൂര്‍ണമായ അവകാശം അവര്‍ക്കല്ലേ. അങ്ങനെയെങ്കില്‍ ആ കുഞ്ഞിനെ അവരുടെആശുപത്രിയില്‍ എത്തിച്ച ശേഷമുള്ള എല്ലാ പരിശോധന രേഖകളും ആ ബില്‍ അടക്കുന്നതോടു കൂടി, ഒരു കോപ്പി സൂക്ഷിച്ചിട്ടു ആ രക്ഷിതാക്കള്‍ക്ക് കൊടുക്കേണ്ടതല്ലെ?

ഇത്തരം അനേകം സംഭവങ്ങള്‍ നമ്മുടെ പൊതുമേഖലാ ആശുപത്രികള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ സ്വകാര്യ ആശുപത്രികളുടെ കൊള്ളരുതായ്മകള്‍ വളരെ കുറഞ്ഞ രീതിയിലെ പുറത്തു വരാറുള്ളൂ. ആത്മീയതയുടെയും മാതൃഭാവത്തിന്റെയും പരസ്യപ്രചാരണങ്ങള്‍ നടത്തുന്ന ഈ ആശുപത്രിയിലെ സംഭവം ഉദാഹരണം മാത്രം. ഈ ആശുപത്രിയിലെ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ഇങ്ങനെയുള്ള ആശുപത്രികളെ നാം പ്രോത്സാഹിപ്പിക്കരുത്. പാവപ്പെട്ടവരുടെ അവശതയും നിവൃത്തികേടുകളും ചൂഷണം ചെയ്യുന്ന നിരവധി ആശുപത്രികള്‍ ഇരഭോജി സസ്യങ്ങളെപ്പോലെ നമ്മെക്കാത്തിരിക്കുന്നുണ്ട്. ചെന്നു ചാടുന്നതിനുമുമ്പ് ഒന്നോര്‍ക്കുക, നമ്മുടെ ഹൃദയത്തിലെ ബ്ലോക്കുകള്‍ അവര്‍ക്ക് ആശുപത്രിയ്ക്ക് വിവിധ ബ്ലോക്കുകള്‍ ഉണ്ടാക്കാനല്ല. പ്രതികരിക്കുക.

Share:

ഒരു പുതു വര്‍ഷം തുടങ്ങുകയാണ്



പുതിയ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും വരവേല്‍ക്കാന്‍ ആരും തയ്യാറാകുന്ന ദിവസമാണ് 01-01, എല്ലാക്കാലത്തും അങ്ങനെതന്നെ.

എന്റെ ചിന്തകള്‍ എന്നതിലുപരി എല്ലാവര്‍ക്കും ചിന്തകളും മോഹങ്ങളും ഉണ്ടാകും. അത് എന്താണെന്ന് അറിയണമെങ്കില്‍ ചോദിക്കണം, പറയണം, സംസാരിക്കണം..

മാറ്റി നിര്‍ത്തപ്പെട്ടവരെ ജീവിതത്തിലേയ്ക്ക് തിരിച്ചു വിളിക്കണം.
സ്‌നേഹം കൊണ്ട് തളച്ചിട്ട വീര്‍പ്പുമുട്ടലുകള്‍ അനുഭവിക്കുന്നവരുമുണ്ടാകും.  സ്‌നേഹമുണ്ടെന്ന് കാട്ടി നാടകം കളിക്കുന്നവര്‍ക്കിടയില്‍ നിന്ന് കഷ്ടപ്പെടുന്നവരും കാണും.
ഫെയ്‌സ്ബുക്കിന്റെ പരിധി നമുക്കറിയാം. കൂട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചചെയ്ത് തീര്‍ക്കാവുന്നത് ഒരു വലിയ ലോകത്തിന് മുന്നില്‍ നിരത്തുന്നതിന് മുമ്പ് നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കിലോ?

അങ്ങനെയുള്ളവര്‍ക്കും കൂടിയാണ് ഈ ഇടം.
കേസുകള്‍ സംബന്ധിച്ച് എന്തും, ഉന്നതങ്ങളില്‍ എത്തേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെ നമുക്ക് തുറന്ന് ചര്‍ച്ച ചെയ്യാം. നിങ്ങളുടെ പാട്ട് പാടാനുള്ള കഴിവ്, പ്രസംഗിക്കാനുള്ള കഴിവ്, ചിത്രം വരയ്ക്കാനുള്ള കഴിവ്, എഴുത്തിലെ പ്രാഗത്ഭ്യം, പാചകം, അഭിപ്രായം, പഠിക്കാനുള്ള ആഗ്രഹം, ജോലി നേടാനുള്ള ആവശ്യങ്ങള്‍, ചെറിയ ചെറിയ ആവശ്യങ്ങള്‍, ചെറിയ ആഗ്രഹങ്ങള്‍ എന്തും നടത്താനാണ് ഇത്തരം ഒരു ഇടം. നിരുത്സാഹപ്പെടുത്താനാളുകള്‍ ഉണ്ടാകും ഒത്തു ചേരാനാഗ്രഹമുണ്ടെങ്കില്‍ തീരുമാനം നിങ്ങളുടേത് മാത്രമായിരിക്കും.....

Share:
Scroll To Top