ഒരു തുറന്ന ചർച്ചാവേദി

Sunday, 26 February 2017

ഇവിടിനി ഇരുട്ട് ശേഷിക്കുന്നില്ല

രമ്യ മേനോന്‍
പുഞ്ചിരിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ എപ്പോഴും പുഞ്ചിരിക്കാന്‍ സാധിക്കുക എന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. നാലു ചുവരുകള്‍ക്കുള്ളില്‍ സഹതാപം എന്ന ചങ്ങലയ്ക്കുള്ളില്‍ കിടന്ന് ജീവിതം തള്ളി നീക്കുന്ന ഒരുപാട് പേര്‍ക്കിടയില്‍ പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കിയെടുത്ത് എപ്പോഴും പുഞ്ചിരിക്കാന്‍ കഴിയുന്ന, ചെറിയൊരു ജീവിതം കൊണ്ട് എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന ഒരാളുടെ കഥയാണിത്. റയില്‍ പാളങ്ങളില്‍ നിന്നാണ് കഥയുടെ ജീവിതത്തിന്റെ ട്വിസ്റ്റ് തുടങ്ങുന്നത്.
ചിലപ്പോള്‍ ജീവിതം റയില്‍പാളങ്ങള്‍ പോലെ ഇരുവശവും കൂട്ടിമുട്ടപ്പെടാതെ വരാറുണ്ട്. എല്ലാമുണ്ടായിട്ടും ജീവിക്കാന്‍ മാര്‍ഗം കിട്ടാതെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസമനുഭവിക്കുന്ന ഒട്ടേറെപ്പേര്‍ ഉള്‍പ്പെടുന്ന ഒരു സമൂഹത്തിലും സ്വന്തം പരിമിതിയില്‍ നിന്ന്‌കൊണ്ട് ജീവിതവിജയം നേടിയ ഒരുപാടുപേര്‍ നമുക്ക് മുമ്പിലുണ്ട്. 
 എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ നിങ്ങള്‍ക്ക് നേരെ സഹായഹസ്തം നീട്ടുന്നുണ്ട്. വീല്‍ചെയറിന്റെ പാരതന്ത്ര്യത്തില്‍ തളയ്ക്കപ്പെട്ട് കിടക്കേണ്ടിയിരുന്ന ആഷ്‌ല കൃഷ്ണന്റെ ജീവിതം ഒരിക്കലൊരു റയില്‍വേ പാളത്തില്‍ അവസാനിക്കേണ്ടതായിരുന്നു. ചെന്നൈയില്‍ നിന്ന് കണ്ണൂരിലുള്ള തന്റെ വീട്ടിലേയ്ക്ക് തിരിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന കാലുകളുടെ അവസാന യാത്രയായിരുന്നു ആഷ്‌ലക്കന്ന്. 

  ഭക്ഷണം കഴിച്ച ശേഷം ചവര്‍ കളയാന്‍ വാതില്‍ക്കല്‍ നില്‍ക്കവേയാണ് കതകിന്റെ തള്ളലില്‍ ആഷ്‌ല പാളത്തിലേയ്ക്ക് വീഴുന്നത്. നടന്നുകേറിയ ജീവിതം അവിടംകൊണ്ട് അവസാനിക്കുകയാണെന്ന് ആഷ്‌ലക്കറിയില്ലായിരുന്നു. കാലുകളുടെ സ്വാധീനക്കുറവ് ജീവിതത്തിന് പൂര്‍ണവിരാമമായി എന്ന തോന്നല്‍ ആഷ്‌ലയെ പലപ്പോഴായി വേട്ടയാടി. അമ്മയ്ക്ക് താങ്ങാകേണ്ട അവസരത്തില്‍ അവര്‍ക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായുള്ള ബുദ്ധിമുട്ടുകള്‍ താന്‍മൂലം ഉണ്ടാകുകയാണെന്ന തോന്നലും പതിയെപ്പതിയെ ആഷ്‌ലയെ വേദനിപ്പിച്ചുകൊണ്ടിരുന്നു. 
 ചുമരുകളുടെ പരിമിതികള്‍ക്കപ്പുറത്തേയ്ക്കായിരുന്നു പിന്നീട് ചിന്തകള്‍ നീണ്ടത്. ഒരു വീല്‍ചെയറിലെങ്കിലും തനിക്കാവുന്നതുപോലെ ജീവിതം കരുപിടിപ്പിക്കാനുള്ള കൊതി ചിന്തകളില്‍ ആഴ്ന്നിറങ്ങി. തനിക്ക് ജോലി തുടരണം, ഒപ്പം ചികിത്സ നടക്കണം, ഒരു അഭയസ്ഥാനമെന്നപോലെ ജീവിക്കാന്‍ കഴിയുന്ന ഇടത്തില്‍ തന്നെക്കൊണ്ടാകുന്ന സഹായങ്ങളും നല്‍കണം ഇത്രയൊക്കെയെ ഉണ്ടായിരുന്നുള്ളു ആഷ്‌ലയുടെ ആഗ്രഹങ്ങള്‍. 
ചിന്തകളുടെ വേരുകള്‍ക്ക് വളം നല്‍കാനെന്നവണ്ണം ആഷ്‌ലയെത്തേടി ആ പരസ്യമെത്തിയത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പിന്നെ വൈകിച്ചില്ല. പത്രപരസ്യത്തില്‍ കണ്ട നമ്പറില്‍ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചു. ഇത്തരം ആളുകളുടെ ചികിത്സയെ യാതൊരു വൈമനസ്യവുമില്ലാതെ സ്വീകരിക്കുന്ന പാലിയേറ്റീവ് കെയര്‍ എന്ന സ്ഥാപനമായിരുന്നു ആഷ്‌ലയുടെ ആഗ്രഹങ്ങള്‍ക്ക് ചിറക് നല്‍കാന്‍ തയ്യാറായത്. തനിക്ക് മുമ്പ് ഒട്ടേറെപ്പേര്‍ക്ക് സന്തോഷം നല്‍കിവന്നിരുന്ന ശരിയായ അഭയസ്ഥാനത്ത് തന്നെയാണ് താനെത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് ആഷ്‌ല മനസ്സിലാക്കി. തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് ജീവിതത്തെ തിരുവനന്തപുരത്തേയ്ക്ക് പറിച്ചുനട്ടു. 
  കാലങ്ങള്‍ക്ക് മുമ്പേ അച്ഛന്‍ കൃഷ്ണനെ ആഷ്‌ലയ്ക്ക് നഷ്ടമായിരുന്നു. വിവാഹിതയായ ചേച്ചി ഭര്‍തൃവീട്ടിലാണ് താമസം. അങ്ങനെ അമ്മ ജാനകി കൃഷ്ണനെയെയും കൊണ്ട് ആഷ്‌ല തിരുവനന്തപുരത്തുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പാലിയേറ്റീവ് സയന്‍സസ് പ്രവര്‍ത്തിക്കുന്ന അരുമന ആശുപത്രിയില്‍ താമസമാക്കി. മുമ്പ് ജോലി ചെയ്തിരുന്ന കോയമ്പത്തൂരിലെ സ്ഥാപനത്തില്‍ വിളിച്ച് തനിക്ക് തന്റെ പഴയ ജോലി നല്‍കണമെന്നും ആഷ്‌ല ആവശ്യപ്പെട്ടു. അവളുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന കമ്പനിക്കാര്‍ ആഷ്‌ലയ്ക്ക് പാര്‍ട് ടൈം ആയി ആ ജോലി തിരിച്ചുനല്‍കി. 
പാലിയേറ്റീവ് കെയറിന്റെ സഹായം ലഭിക്കുമ്പോഴും അവരെ തിരിച്ച് സഹായിക്കണമെന്നും ആഷ്‌ല ആശിച്ചു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്ന തനിക്ക് ഇനിയും കമ്പ്യൂട്ടര്‍ സംബന്ധമായ സഹായങ്ങള്‍ ചെയ്യാനാകുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ആഷ്‌ലയ്ക്ക് അവിടെയും ജോലി ലഭിച്ചു. 
 ആജീവനാന്തകാലം വീല്‍ചെയറിന്റെ സഹായത്തോടെ ജീവിക്കാനാവൂ എന്നറിയാമായിരുന്നിട്ടും ആഷ്‌ല ആരെയും ആശ്രയിക്കാതെ സാമ്പത്തിക ഭദ്രത ഉറരപ്പുവരുത്തി. പാര്‍ട് ടൈം കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറും ഒപ്പം പാലിയേറ്റീവ് കെയറിലെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റുമാണിന്ന് ആഷ്‌ല. കൈകള്‍ പോലും ചലിപ്പിക്കാനാകാത്ത ആഷ്‌ല അവ മലര്‍ത്തിവെച്ച് മുട്ടുമടക്കാതെ ടൈപ്പ് ചെയ്യുന്നത് ഒരു അതിശയത്തോടെ നോക്കാനെ മറ്റുള്ളവര്‍ക്ക് കഴിയൂ എന്നുറപ്പ്. 

 പാലിയേറ്റീവ് കെയറിന്റെ ആശുപത്രി കെട്ടിടത്തില്‍ ഇരുന്നുകൊണ്ട് രണ്ട് സ്ഥാപനങ്ങളിലെ പ്രധാന പദവികള്‍ വഹിക്കുന്ന ആഷ്‌ലയ്ക്ക് സ്വന്തം പരിമിതികളെക്കുറിച്ചാലോചിച്ചിരിക്കാന്‍ ഇന്ന് സമയമില്ല. ഇത്രയധികം പോസിറ്റീവ് എനര്‍ജിയുള്ള ഒരാളെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല എന്ന് ആഷ്‌ലയുടെ ഡോക്ടറും നിലവില്‍ ആഷ്‌ലയുടെ സീനിയര്‍ ഓഫീസറും കൂടിയായ ഡോ. എം ആര്‍ രാജഗോപാല്‍ പറയുന്നു. ആ ഒറ്റമുറിയില്‍ ഇരുന്നുകൊണ്ട് ആഷ്‌ലയ്ക്ക് ചെയ്തുതീര്‍ക്കേണ്ട ജോലി നിരവധിയാണെന്നും ഡോ. രാജഗോപാല്‍ കൂട്ടിച്ചേര്‍ക്കുന്നു. 
സാമ്പത്തികമായി പിന്തുണ ആവശ്യമുള്ള അച്ഛനും അമ്മയുമില്ലാത്ത കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായങ്ങ നല്‍കുക, ആരോരുമില്ലാത്തവരെന്ന് തോന്നുന്നവര്‍ക്ക് വേണ്ടുന്ന മാനസിക പിന്തുണ നല്‍കുക എന്നിവയെല്ലാം ആഷ്‌ല തന്റെ ചുമതലയാക്കി ഏറ്റെടുത്തു. അത്തരത്തില്‍ മാനസിക സംഘര്‍ഷമനുഭവിക്കുന്നവരുടെ ഒരു കൂട്ടായ്മതന്നെ ആഷ്‌ല രൂപപ്പെടുത്തിയിട്ടുണ്ട്. കേള്‍ക്കാന്‍ ആളുകള്‍ക്ക് നേരമില്ലാത്തതിനാല്‍ത്തന്നെ ആഷ്‌ലയുടെ ഓരോ സേവനവും പാലിയേറ്റീവിന് വേണ്ടപ്പെട്ടതാണെന്നും ഡോ. രാജഗോപാല്‍ പറയുന്നു. ''ആഷ്‌ലയുടെ ഏറ്റവും വലിയ പ്രത്യേകതയായിട്ട് എനിക്ക് തോന്നിയത് അവളുടെ മനോഭാവം തന്നെയാണ്, ജീവിതത്തില്‍ നിന്നും വളരെകുറച്ച് മാത്രം ആഗ്രഹിക്കുകയും ജീവിതത്തിന് കൂടതല്‍ നല്‍കണമെന്നാഗ്രഹിക്കുകയും ചെയ്യുന്ന വളരെക്കുറച്ച് ആളുകളില്‍ ഒരാളാണ് ആഷ്‌ല''.
  സാധാരണക്കാരിയായല്ല, തികച്ചും ഒരു അതിശയകരമായ പ്രതിഭയായിട്ടാണ് അവളുടെ ചുറ്റുമുള്ളവര്‍ അവളെ കാണുന്നത്. എറണാകുളത്തുള്ള ആശുപത്രിയില്‍ നിന്ന് വരുമ്പോള്‍ പരാലിസിസ് ബാധിച്ച് ശരീരത്തിന്റെ ഭൂരിഭാഗവും തളര്‍ന്ന അവസ്ഥയിലായിരുന്നു ആഷ്‌ല. പരാലിസിസ് ബാധിച്ച ആളുകളില്‍ നിന്ന് നേതൃത്വ മനോഭാവത്തോടെ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടുകൂടി മുന്നിട്ട് വരുന്നവര്‍ വിരളമാണ്. ആരുടെ കാര്യങ്ങളും കേള്‍ക്കാനും സാന്ത്വനം നല്‍കാനുമുള്ള കഴിവ് ആഷ്‌ല ഈ പ്രായത്തിനിടയ്ക്ക് നേടിയിട്ടുണ്ട്. 
 കഴിഞ്ഞ ഒക്‌ടോബറില്‍ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ നയിച്ച ഒരു സംഗീത നിശയില്‍ പാലിയേറ്റീവ് കുടുംബവും ഒത്തൊരുമിച്ചിരുന്നു. സംസാരിക്കാന്‍ അവസരം കിട്ടിയ വേളയില്‍ ഒരു ചോദ്യത്തിനുത്തരമായി ആഷ്‌ല പറഞ്ഞ കാര്യം ജീവിതത്തില്‍ ആര്‍ക്കും ഒരു സന്ദേശമായി കൈക്കൊള്ളാവുന്നതാണ്. രക്ഷപ്പെടാന്‍ ജീവിതത്തിന് രണ്ട് അവസരം ലഭിക്കുകയാണെങ്കില്‍ ഏത് ജീവിതമായിരിക്കും ആഷ്‌ല തെരഞ്ഞെടുക്കുക എന്നതായിരുന്നു ചോദ്യം. ''ഇന്ന് എന്റെ ജീവിതം വളരെ അര്‍ഥവത്തായതാണ്. ഒരു സാധാരണ ജീവിതം നയിക്കുകയായിരുന്നെങ്കില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ എന്നതിനപ്പുറത്തേയ്ക്ക് എനിക്ക് പോകാന്‍ കഴിയില്ലായിരുന്നു. ഈ രണ്ടു വര്‍ഷത്തെ ജീവിതം നല്‍കിയത് അത്രയും വലിയ അനുഭവങ്ങളായിരുന്നു. ഒരു കൈകൊടുത്താല്‍, സമൂഹത്തിനായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ ഒട്ടേറെപ്പേര്‍ രക്ഷപ്പെടും.'' 

നിറഞ്ഞ വേദിയില്‍പ്പോലും തന്റെ പരിമിതികളില്‍ സംതൃപ്തയായുള്ള ആഷ്‌ലയുടെ ഈ മറുപടി, ഏതൊരു സാഹചര്യത്തിലും പതറാതെ നില്‍ക്കുന്നുവെന്നതിന് തെളിവാണ്. താന്‍ ഒരു ഭാരമാണെന്ന് ചിന്തിക്കുന്നവര്‍ക്ക് ആഷ്‌ല ഒരപവാദമാണ്. ആവശ്യമില്ലാത്ത ചിന്തകളെക്കുറിച്ചാലോചിച്ച് സമയം കളയാതിരിക്കാന്‍ ആഷ്‌ല നമ്മെ ചിന്തിപ്പിക്കുന്നുണ്ട്. ഇന്ന് ആഷ്‌ല ഒരു രോഗിയല്ല, ഒട്ടേറെ രോഗികള്‍ക്ക് തണലാണ്. 

 'എനിക്ക് ജീവിക്കാന്‍ നിങ്ങളുടെ സഹായം വേണം, എനിക്ക് കഴിയുന്നപോലെ നിങ്ങളെ ഞാനും സഹായിക്കാം' എന്ന് പുഞ്ചിരിച്ചുകൊണ്ട് ആഷ്‌ല പറയുന്നു. 

ക്വാളിറ്റി ഓഫ് ലൈഫ് ലക്ഷ്യമിട്ട് പാലിയേറ്റീവ് കെയര്‍


സാധാരണ ഗതിയില്‍ ഒരു രോഗം വന്നാല്‍ അതിനെ നിര്‍ണയിക്കുക, ചികിത്സിക്കുക എന്നിവയാണ് പതിവ്. എന്നാല്‍ എല്ലാ രോഗങ്ങളും ചികിത്സിച്ചാല്‍ മാറുകില്ല. മൂന്നിലൊന്ന് രോഗങ്ങളും ചികിത്സിച്ചാല്‍ മാറാത്തവയാണ്. പരാശ്രയമില്ലാതെ നടക്കാനോ, ഒന്നും ചെയ്യാനോ കഴിയാതെ വരുന്ന രോഗികള്‍ക്കായുള്ള ആജീവനാന്തം നീളുന്ന ചികിത്സകള്‍; അവര്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ വേദനയും അത്തരം ചികിത്സകള്‍ക്കൊപ്പം അവരോടൊത്ത് യാത്ര ചെയ്യുന്നു. താത്കാലികമായി മാത്രം ഫലം ലഭിക്കുന്ന ചികിത്സകള്‍മൂലം രോഗം മാറാതിരിക്കുന്നു. താത്കാലികമായി ചികിത്സ ലഭിക്കുന്ന, സാമ്പത്തിക ഭദ്രതയില്ലാത്തവരെ സംബന്ധിച്ച് ജീവിതം ദുരിതപൂര്‍ണമാകുകയും ചെയ്യുന്നു. ഇത്തരം കുടുംബങ്ങളിലെ രോഗികളെ ഏറെയും വേദനിപ്പിക്കുന്നത് സാമ്പത്തിക അടിത്തറ തന്നെയാണ്. ശാരീരികമായി തളര്‍ന്ന രോഗികള്‍ അതോടെ മാനസികമായും തളര്‍ന്നുപോകുന്നു. 
 മരുന്നുകള്‍ രോഗം കുറയുന്നതിനോ മാറുന്നതിനോ മാത്രമുള്ള ഉപായമാണ്. ഭാവിജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠയും ഭദ്രതയില്ലായ്മയും രോഗിയെ വിഷാദ രോഗാവസ്ഥയിലേയ്ക്ക് നയിക്കുന്നു. ഇവിടെയാണ് പാലിയേറ്റിവ് കെയര്‍ തങ്ങളുടെ സഹായഹസ്തവുമായി നില്‍ക്കുന്നത്. രോഗിക്ക് വേണ്ടുന്ന മാനസിക പിന്തുണ പാലിയേറ്റിവ് കെയര്‍ ഉറപ്പുവരുത്തുന്നു. ചികിത്സയുള്ളപ്പോഴോ ഇല്ലാതിരിക്കുമ്പോഴോ രോഗിക്ക് വേണ്ട മാനസിക-സാമ്പത്തിക പിന്തുണ നല്‍കുന്നതിലാണ് പാലിയേറ്റീവ് കെയര്‍ ശ്രദ്ധചെലുത്തുന്നത്. രോഗാവസ്ഥയിലിരിക്കുന്ന ആളുടെ ജീവിതത്തില്‍ ആവശ്യമായ ഗുണകരമായ കാര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനാണ് ഇവര്‍ പ്രാമുഖ്യം നല്‍കുന്നുവെന്ന് സാരം. 
  ചിലര്‍ വീഴുമ്പോള്‍ കുടുംബം മുഴുവനും തളരുന്നു. അങ്ങനെയുള്ള അവസരങ്ങളില്‍ കുടുംബത്തിന് താങ്ങാകുന്നത് ഇത്തരം സന്നദ്ധ പ്രവര്‍ത്തകരാണ്. കുടുംബത്തിന്റെ താളം തെറ്റുമ്പോള്‍ കുട്ടികളുടെ പഠന കാര്യങ്ങളുള്‍പ്പെടെയുള്ളവ അവതാളത്തിലാകുകയാണ്, അത്തരം സാഹചര്യങ്ങളിലും ആ കുടുംബത്തിന് പാലിയേറ്റീവ് കെയര്‍ താങ്ങായി നില്‍ക്കും. 
പരമാവധി രോഗം മാറ്റാന്‍ നോക്കുകയും മാനസികമായും സാമ്പത്തികമായുമുള്ള പിന്തുണ നല്‍കുന്നതിനും രോഗംമൂലം ജീവന്‍ നഷ്ടപ്പെടുന്ന അവസരത്തില്‍പ്പോലും നീതിപൂര്‍വമായ മരണം രോഗിക്ക് നല്‍കുന്നതിനും പാലിയേറ്റീവ് കെയര്‍ ശ്രദ്ധ ചെലുത്തുന്നു. സൗഖ്യത്തിനെ ഇല്ലാതാക്കുന്ന ഘടകങ്ങള്‍ കണ്ടെത്തി, പരിഹരിക്കാവുന്നതിനെ പരിഹരിച്ച് ആവുന്നത്ര സുഖകരമാക്കുകയും ഇനി രോഗി മരണപ്പെട്ടാലും കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരാശ്വാസമായി പാലിയേറ്റീവിന്റെ സാന്ത്വനം ഒപ്പം തന്നെയുണ്ടാകും. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ രോഗിയോടൊപ്പം കുടുംബം മുഴുവന്‍ അത് അനുഭവിക്കുകയാണ്. കുടുംബത്തിന്റെയും കൂടെ 'ക്വാളിറ്റി ഓഫ് ലൈഫാണ്' പാലിയേറ്റീവ് കെയറിന്റെ ലക്ഷ്യം. 
പാശ്ചാത്യ രാജ്യങ്ങളിലെ ചികിത്സാ രീതികളില്‍ പാലിയേറ്റീവ് കെയര്‍ എന്നതിന് ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍ ഭാരതത്തില്‍ ഒരു ശതമാനം മാത്രമേ ഇങ്ങനെ പിന്തുണ ലഭിക്കുന്നുള്ളു. കേരളത്തിലാണ് ഇത് ഏറ്റവും പ്രചാരത്തിലുള്ളത്. 
 വേദനസംഹാരികളായ മോര്‍ഫിനുകള്‍ സംഭരിക്കാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്ന പാലിയേറ്റീവ് കെയര്‍ സംവിധാനമുള്ള 175 സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇവരില്‍ ഒരംഗമാകാം. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താത്പര്യമുള്ളവര്‍ക്ക് നാല് ദിവസത്തെ ക്ലാസുകള്‍ക്ക് വേണ്ടി മാത്രം സമയം ചിലവഴിച്ചാല്‍ മതിയാകും എന്നതാണ് പാലിയേറ്റീവിന്റെ പ്രത്യേകത.


 Pallium India
 Arumana Hospital Building, 
   Airport Road, Subash Nagar,
   Vallakadavu P.O
   Thiruvananthapuram – 695 008
   Kerala, India.

 Phone/Fax (office): +91 471 2468991, +91 9387296889
 Email: info@palliumindia.org 

 palliumindia.org



Share:
Scroll To Top