അനുകൃഷ്ണ എസ്
അടച്ചുറപ്പില്ലാത്ത ചുമരുകള്‍ക്കുള്ളില്‍ വാതിലുകള്‍ തള്ളിപ്പിടിച്ച് കിടന്നുറങ്ങാനാകാതെ പകലുകളെ കാത്തുകഴിയുന്ന നിരവധി അമ്മമാരും പെങ്ങന്മാരുമുണ്ട്. നമ്മളോടൊപ്പം..നമുക്കിടയില്‍.. നമുക്കരികില്‍ തന്നെ.. അടച്ചുപിടിച്ച വാതിലുകള്‍ക്കുള്ളില്‍ സുരക്ഷിതത്വം കാത്തിരിക്കുന്ന അവളെ അവിടെയും തോല്‍പ്പിച്ചു. സ്വന്തം രക്തവും ബന്ധുത്തവും കൂടി... സമൂഹവും സുരക്ഷിതത്വം നല്‍കേണ്ട വീട്ടുകാരും ചേര്‍ന്ന് വില്‍പ്പനച്ചരക്കുകളാക്കി മാറ്റുകയാണോ നമ്മുടെ പെണ്‍കുട്ടികളെ. എന്തുപറ്റി നമ്മുടെ കുടുംബബന്ധങ്ങള്‍ക്ക്? എവിടെയാണ് അതിന്റെ ഭദ്രത നഷ്ടപ്പെട്ടത്? മനസാക്ഷി മരവിപ്പിക്കുന്ന വര്‍ത്തമാന കാലമാണോ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയാണോ നമ്മെ ഇത്തരക്കാരാക്കിമാറ്റിയത്?
അതിന്റെ അനന്തര ഫലമെന്നോണം ഭൂജാതമായ ഒരു സംവിധാനമാണ് നിര്‍ഭയ ഹോമുകള്‍. ഒന്നുറങ്ങാനാകാതെ നാളുകള്‍ കഴിച്ചുകൂട്ടിയ, ഇരകളാകാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടികള്‍ വറ്റിയ കണ്ണീരും നിലച്ച പ്രതീക്ഷകളുമായി വന്നു ചേരുന്നിടം. അത്തരമൊരു ഇടത്തെക്കുറിച്ച് നാം ചിന്തിക്കുന്നതിലുമപ്പുറം ഏറെയുണ്ട്, പഠിക്കാനും മനസ്സിലാക്കാനും. പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികളെ പുനഃരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2012 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ഭയ നയത്തെ അടിസ്ഥാനമാക്കി കേരള സര്‍ക്കാര്‍ രൂപീകരിച്ചതാണ് നിര്‍ഭയ ഹോമുകള്‍. പഠിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും അവളെ പ്രാപ്തയാക്കാനും സംരക്ഷണം നല്‍കാനും വേണ്ടിയാണ് ഇത് രൂപീകരിച്ചത്. എന്നാല്‍ ഇന്നുവരെ അതിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടന്നിട്ടില്ല എന്നുള്ളതാണ് സത്യം. കേരളത്തില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത് മൊത്തം 11 നിര്‍ഭയാ ഹോമുകളാണ്. അതില്‍ എട്ടെണ്ണം പ്രവര്‍ത്തിക്കുന്നത് മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിലാണ്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോഡ് എന്നിവിടങ്ങളിലാണ് സമഖ്യയുടെ കീഴിലുള്ള ഹോമുകളെങ്കില്‍ കോഴിക്കോടും എറണാകുളത്തും തൃശൂരും ഈ ഹോമുകള്‍ നടത്തുന്നത് സന്നദ്ധ സംഘടനകളാണ്. കേരളത്തില്‍ അഞ്ചു ജില്ലകളില്‍ (കണ്ണൂര്‍, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ) നിര്‍ഭയ ഹോമുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുമില്ല. വിവിധ പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട് 400 പെണ്‍കുട്ടികകളാണ് ഇവിടെ കഴിയുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിര്‍ഭയ ഹോമുകളില്ലെന്നതു കാരണം പല ഹോമുകളും പ്രവര്‍ത്തിക്കുന്നത് അവയ്ക്ക് ഉള്‍ക്കൊള്ളാനാകുന്നതിലും ഇരട്ടി അംഗങ്ങളുമായാണ്. ഇരയാക്കപ്പെട്ടവരുടെ ജീവിതം കൂടുതല്‍ ദുരിതമയമായി മാറാന്‍ ഇത് ഇടയാക്കുന്നു. 35 പേരെ മാത്രം താമസിപ്പിക്കാനാകുന്ന തിരുവനന്തപുരം വെഞ്ഞാറമ്മൂടിലെ നിര്‍ഭയ ഹോമില്‍ നിലവില്‍ 72 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നു പറയുമ്പോള്‍ തൊഴുത്തില്‍ നിര്‍ത്തിയിരിക്കുന്ന കാലികളോടു കാട്ടുന്ന അനുകമ്പപോലും ഈ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്നു തന്നെ പറയേണ്ടി വരും. ഇവിടത്തെ അന്തേവാസികള്‍ക്കായി സര്‍ക്കാര്‍ പ്രതിമാസം വാഗ്ദാനം ചെയ്യുന്ന തുക കൃത്യമായി ഒരിക്കല്‍പോലും നടത്തിപ്പുകാര്‍ക്ക് എത്താറില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ രണ്ടു മാസക്കാലമായി സംസ്ഥാനത്തെ ഈ അഭയകേന്ദ്രങ്ങള്‍ക്ക് ഒരാള്‍ക്ക് 2000 രൂപ കണക്കില്‍ ലഭിക്കേണ്ടുന്ന തുക പോലും ഇനിയും ലഭിച്ചിട്ടില്ലെന്നതാണ് ഏറ്റവും വലിയ ദുരവസ്ഥ. താങ്ങുന്നതിലേറെ പീഡനം ഏറ്റുവാങ്ങിക്കഴിഞ്ഞ സാധുക്കളോട് വീണ്ടും കാട്ടുന്നത് അവഗണനമാത്രമാണ്. ചിന്തിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നതിനപ്പുറമാണ് ഇവിടത്തെ അന്തേവാസികളുടെ പ്രശ്‌നങ്ങള്‍. സ്വന്തം വീട്ടിലേക്ക് മടങ്ങിച്ചെല്ലാന്‍ കഴിയാത്തവരാണ് ഇവരില്‍ അധികവും. ഇവരെ മറ്റെന്തിനേക്കാളും ശ്രദ്ധാപൂര്‍വ്വം പരിചരിക്കേണ്ടതാണെന്ന തിരിച്ചറിവ് ഇതുവരെ ആര്‍ക്കും ഉണ്ടായിട്ടില്ല. ഇപ്പോള്‍ തന്നെ മതിയായ കിടക്കകളോ കട്ടിലുകളോ കിടക്ക വിരികളോ അംഗങ്ങള്‍ക്കായുള്ള വസ്ത്രങ്ങളോ ഇല്ലാത്ത അവസ്ഥയിലാണ് മിക്ക ഹോമുകളും. എന്നാല്‍ വരവു ചെലവു കണക്കുകള്‍ കൃത്യസമയത്ത് ലഭിക്കാതിരുന്നതു മൂലമാണ് ഫണ്ട് റിലീസ് ചെയ്യാന്‍ കാലതാമസമുണ്ടാക്കുന്നതെന്നാണ് നിര്‍ഭയ സെല്‍ ഡയറക്ടറായ മിനി നായര്‍ നല്‍കുന്ന വിശദീകരണം.
ഈ അന്തേവാസികളുടെ ദൈനംദിന ഭക്ഷണത്തിനും അനുബന്ധ ചെലവുകള്‍ക്കും പ്രതിമാസം 2000 രൂപയാണ് നല്‍കുന്നത.് ഇത് തീര്‍ത്തും അപര്യാപ്തമാണെന്ന് അറിയാത്തവരല്ല ആരും. എന്നിട്ടും അതില്‍ മാറ്റമുണ്ടായിട്ടില്ല. 2013-14ല്‍ നിര്‍ഭയ പദ്ധതിയ്ക്കായുള്ള ഫണ്ട് ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 1000 കോടി രൂപ വീതമാണ് മാറ്റിവെച്ചത്. ഓരോ വര്‍ഷവും 1000 കോടി രൂപ വീതം പദ്ധതിയ്ക്കായി മാറ്റിവച്ചിട്ടുണ്ടെങ്കിലും ഈ തുകയൊന്നും കൃത്യമായി ചെലവഴിക്കപ്പെടുന്നില്ലെന്ന് കണക്കുകള്‍ പറയുന്നു. ഇതുവരേയ്ക്കും 3000 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ പദ്ധതി ആസൂത്രണമില്ലാത്തതിനാല്‍ ഇവ സംസ്ഥാനങ്ങളില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള അതാത് സമിതികള്‍ക്ക് ശരിയായ വിധത്തില്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തിനുമാവുന്നില്ല. ഏകജാലക െ്രെകസിസ് മാനേജ്‌മെന്റ് സംവിധാനത്തിനായും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായും പൊലീസിനു കീഴില്‍ വിവിധ അന്വേഷണ യൂണിറ്റുകള്‍ ഉണ്ടാക്കുന്നതിനുമൊക്കെയായി ഈ വര്‍ഷം അനുവദിക്കപ്പെട്ട 600 കോടി രൂപയുടെ അവസ്ഥയും ഇതു തന്നെയാണ്.
നിര്‍ഭയയിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ സാധാരണക്കാരെപ്പോലെ ചിന്തിക്കണമെന്നും പ്രവര്‍ത്തിക്കണമെന്നുമില്ല. വളരെ ചെറിയ പ്രായംമുതല്‍ക്കേ പീഡനങ്ങളേറ്റു വാങ്ങേണ്ടി വന്ന ഇവര്‍ മാനസികമായി ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കടിമകളായിട്ടുണ്ടാകും. അടിസ്ഥാന പരമായി ഇവര്‍ക്കുവേണ്ട ബോധവല്‍ക്കരണക്ലാസുകളും കൗണ്‍സിലിങ്ങുംപോലും നല്‍കാന്‍ നിര്‍ഭയ ഹോമുകളില്‍ കഴിയുന്നില്ല. ഇത് ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനു കാരണമാകുന്നു. നിര്‍ഭയ ഹോമുകളില്‍ പ്രവര്‍ത്തിക്കേണ്ടുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ പ്രതിമാസം നിശ്ചയിച്ചിരിക്കുന്ന ശമ്പളം കേവലം 5000 രൂപയാണ്. ഈ തുകയ്ക്ക് ഏത് സൈക്കോളജിസ്റ്റാണ് അവിടെ തൊഴിലെടുക്കാന്‍ സന്നദ്ധയാകുക? അന്തേവാസികള്‍ക്കായി നല്‍കുന്ന 2000 രൂപ കൊണ്ട് ഒന്നും തന്നെ സാധ്യമല്ലെന്ന് ഭരണാധികാരികളെ എങ്ങനെയാണ് അവര്‍ ബോധ്യപ്പെടുത്തുക? ഇവര്‍ക്ക് ഇത്രയൊക്കെ മതിയെന്ന് ഭരണാധികാരികള്‍ നിശ്ചയിച്ചു കഴിഞ്ഞോ? ഇരകള്‍ക്കുനേരെയുള്ള മനോഭാവംകൂടിയാണ് ഇതിലൂടെ പുറത്തു വരുന്നത്. ചെയ്യാത്ത തെറ്റിന് ഇരകളാകേണ്ടിവരുന്നിവരെ ഏറ്റെടുക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകാതിരിക്കുകയും വീട്ടിലേക്ക് ചെല്ലാന്‍ കഴിയാത്ത അവസ്ഥയുമായതിനാല്‍ നാളെയെന്ത് എന്നുള്ളത് ഇവരുടെ മുന്നില്‍ വലിയൊരു ചോദ്യചിഹ്നംതന്നെയാണ്. നിറക്കൂട്ടുകള്‍ നല്‍കി മനോഹരമാക്കേണ്ട ബാല്യങ്ങളെ കരിതേയ്ച്ച് വൃത്തികേടാക്കിയതിനു പിന്നിലെ ചേതനയെന്താണ്?
നിര്‍ഭയയില്‍ ഇനിയെന്ത് എന്നത് ചോദ്യത്തിന് അഴിച്ചു പണിയല്ലാതെ ഒരു ഉത്തരമില്ല. സാമൂഹ്യനീതി വകുപ്പും ആരോഗ്യ വകുപ്പും പൊലീസും പട്ടികജാതി പട്ടിക വര്‍ഗക്ഷേമ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും തൊഴില്‍ വകുപ്പുമെല്ലാം സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട മേഖലയാണിത്. ഇവിടെ കഴിയുന്ന 400 സ്ത്രീകളില്‍ 75 ശതമാനം പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണെന്ന കാര്യം ആ വകുപ്പ് ഗൗരവമായി തന്നെയെടുക്കേണ്ടതാണ്. പീഡനത്തിന് ഇരയാക്കപ്പെട്ടവരില്‍ വലിയൊരു വിഭാഗവും സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും പീഡനത്തിന് ഇരയായവരായതിനാല്‍ ഇവര്‍ക്ക് ആ വീടുകളിലേയ്ക്ക് തന്നെ മടങ്ങിപ്പോകേണ്ടി വരുന്ന ദുരവസ്ഥ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതും അവര്‍ക്കായി പുനരധിവാസപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും അനിവാര്യമാണ്. നിലവിലെ അവസ്ഥയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് താമസിക്കാനാകുന്ന ഹ്രസ്വകാല താമസയിടം മാത്രമാണ് നിര്‍ഭയ ഹോമുകള്‍. പീഡിപ്പിച്ചവര്‍ താമസിക്കുന്ന സ്വന്തം വീടുകളിലേക്ക് തന്നെ മടങ്ങേണ്ടി വന്നവര്‍ നിരവധിയുണ്ട്. അതവര്‍ക്കുണ്ടാക്കുന്ന കടുത്ത മാനസികാഘാതവും ആ വീടുകളില്‍ അവര്‍ പിന്നീട് ഏതു മട്ടിലാകും സ്വീകരിക്കപ്പെടുകയെന്ന കാര്യവും പ്രവചിക്കാനാകുന്നതല്ല.
പീഡനത്തിനു പുറമെ വിലപേശലും കേസൊതുക്കലുംകൂടിയാകുമ്പോഴോ. പറവൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയെ സ്വാധീനിക്കാനും പെണ്‍കുട്ടിയുടെ അഭിഭാഷകനെ വരുതിയിലാക്കാനുമൊക്കെ നേരത്തെ കിരാതന്മാര്‍ നടത്തിയ ശ്രമങ്ങള്‍ നമുക്കറിയാവുന്നതുമാണ്. ഇന്നും സ്വന്തം വീട്ടിലേയ്ക്ക് മടങ്ങാനാകാത്ത അവസ്ഥയില്‍ ആ പെണ്‍കുട്ടി ഇത്തരം ഹോമുകളിലൊന്നില്‍ ജീവിതം മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുകയാണ്. സ്വാധീനശേഷിയുള്ളവരാണ് ഇത്തരം പീഡനക്കേസുകളില്‍ ഉള്‍പ്പെടുന്നവരില്‍ ഒട്ടുമിക്കവരുമെന്നത് ആ കേസുകള്‍ അട്ടിമറിക്കാന്‍ നടത്തപ്പെടുന്ന ഇടപെടലുകളില്‍ നിന്നു തന്നെ വ്യക്തവുമാണ്.
പീഡനങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. പീഡിപ്പിക്കപ്പെടുന്നതില്‍ 60 ശതമാനവും സ്വന്തം ബന്ധുക്കളില്‍ നിന്നും രക്തബന്ധമുള്ളവരില്‍ നിന്നുമാകുമ്പോഴാണ് നിര്‍ഭയ ഹോമുകളുടെ പ്രാമുഖ്യം കൂടുന്നത്. സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ടിടം തന്നെയാണ് നിര്‍ഭയ.
