അനുകൃഷ്ണ എസ്സ്.
ലക്‌നൗവിലെ അംബര്‍ പള്ളി ഏവരുടെയും ശ്രദ്ധ ആദ്യമായി പിടിച്ചുപറ്റിയത് കൃത്യം രണ്ട് പതിറ്റാണ്ട് മുന്‍പാണ്. 1997-ല്‍ സ്ത്രീകള്‍ക്കായി തുടങ്ങിയ ആദ്യ മുസ്‌ലിം പള്ളി എന്ന നിലയിലാണ് അന്ന് അംബര്‍ പള്ളി ജനശ്രദ്ധ നേടിയത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന ഈ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തുന്ന സ്ത്രീകള്‍ക്ക് പുരുഷന്‍മാരുടേതിന് തുല്യമായ അവകാശങ്ങളാണുള്ളത്. സ്ത്രീകള്‍ക്ക് പള്ളിക്കകത്തേക്കുള്ള പ്രവേശനം നിഷേധിക്കുന്ന മറ്റ് പള്ളികളില്‍ നിന്നും അംബര്‍ പള്ളിയെ വ്യത്യസ്തമാക്കിയ ഘടകം ഇതായിരുന്നു. ഇന്ന് വീണ്ടും മാതൃകാപരമായ നടപടിയിലൂടെ അംബര്‍ പള്ളി വീണ്ടും ജനമധ്യത്തിലെ ചര്‍ച്ചാ വിഷയമാകുകയാണ്.
സുസ്ഥിര ഊര്‍ജ്ജത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി ഇപ്പോള്‍ അംബര്‍ പള്ളി സോളാര്‍ പാനലുകളുടെ കുടപിടിച്ചിരിക്കുകയാണ്. അംബര്‍ പള്ളിയുടെ സ്ഥാപകയും വിമന്‍സ് ലോ ബോര്‍ഡ് പ്രസിഡന്റുമായ ഷയിസ്ത അംബറാണ് ഈ ഉറച്ച തീരുമാനമെടുത്തത്. ''ലക്‌നൗ നഗരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വായുമലിനീകരണത്തിന്റെ പിടിയിലാണ്. ഇതിന് നമ്മളോരോരുത്തരും ഉത്തരവാദികളാണ്. അംബര്‍ പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സോളാര്‍ ഊര്‍ജ്ജം ഉപയോഗപ്പെടുത്തുന്നതോടെ പ്രദേശത്തെ കാര്‍ബണ്‍ ഫുട്പ്രിന്റില്‍ (വ്യക്തിയോ, വസ്തുവോ, സംഘമോ, സംഭവമോ കാരണമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ പുറപ്പെടുവിക്കുന്ന മൊത്തം ഹരിതഗൃഹവാതകത്തിന്റെ അളവ്) പള്ളിയുടെ പങ്ക് ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും.'' - ഷയിസ്ത പറഞ്ഞു. നഗരത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് മുന്നിലും ഇതോടെ അംബര്‍ പള്ളി മാതൃകയായി.
കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോഴുണ്ടാകുന്ന വായുമലിനീകരണം സോളാര്‍ പാനലുകള്‍ ഉപയോഗിച്ചുള്ള വൈദ്യൂതി ഉല്‍പ്പാദനത്തില്‍ ഉണ്ടാകുന്നില്ല. എല്ലാ ജീവജാലങ്ങള്‍ക്കും ശുദ്ധ വായു ശ്വസിക്കുവാന്‍ അവകാശമുണ്ടെന്നും ലക്‌നൗവിലെ പവര്‍ കട്ടിന് ഇത് പരിഹാരം കാണുമെന്നും ഷയിസ്ത കൂട്ടിച്ചേര്‍ത്തു.
