നഗ്നസസ്യങ്ങളെ ഒളിപ്പിച്ചുവെക്കാത്ത
പാവമൊരു സത്യസന്ധന്‍
മനസ്സുതുറന്ന് ചിരിക്കും
ആരെയും കൂസാതെ കരയും
പായും പങ്കയുമൊന്നുമേ കൂടാതെ
പാതവരമ്പിലുറങ്ങും
ഞെട്ടറ്റ പൂവിതള്‍ പോലെ,
ആദ്യം പതിക്കും
മഴത്തുള്ളിപോലെ
ആരോരും കാണാതെ നാള്‍ കഴിക്കും
എനിക്കില്ലൊരു തിരക്കും
ആരുമെന്നെത്തിരഞ്ഞു വരികയില്ല.
അരസികനല്ലെങ്കിലുമെന്നോടായ്
ഉരിയാടാനാര്‍ക്കുമില്ലിഷ്ടം.
ആദ്യം എനിക്കെന്ന വാശിയില്ല,
ആദ്യം നിങ്ങളെന്ന താഴ്മയില്ല
പണമോ പദവിയോ ഒന്നും വേണ്ട
പഴമയും പുതുമയും തിരിവുമില്ല.
ബന്ധങ്ങളുള്ളയിടങ്ങളില്‍ മാത്രമെ
ശത്രുക്കള്‍ക്കും വിജയമുള്ളു
അതിനാലെനിക്കില്ല ബന്ധുവും- എന്‍
മനസ്സുകുത്തിനോവിക്കാനോരു ശത്രുവും
പാഴാക്കിക്കളയാനൊന്നുമില്ലാത്തവന്‍
നാണവും മാനവും, പേടിയും പ്രേമവും
വേര്‍തിരിച്ചറിയാന്‍ കഴിവില്ലാത്തവന്‍
ആരുടെ ബാക്കിയെന്നാകിലുമന്നത്തെ
തേടിയെടുത്തു ഭക്ഷിച്ചീടുന്നവന്‍
തെരുവുകള്‍ തേടിയലഞ്ഞീടും-
തെരുവോരങ്ങളെ തന്‍ ഭവനമാക്കും
കാണേണ്ടയെന്നെ- ദുശ്ശകുനമാകും
ദുഃഖം ഭവിച്ചിടും, ദിനം പാഴായിപ്പോയിടും
ഭ്രാന്തനാമെന്നെ നീ ഗൗനിച്ചിടേണ്ട
എനിക്കായ് സമരങ്ങള്‍ ചെയ്തിടേണ്ട
ചവറുകള്‍ തള്ളുന്ന കുട്ടയില്‍ ഒരുപിടി
അന്നം എറിയുക കഴിയുമെങ്കില്‍ !
