2008-ലെ ബീജിങ് ഒളിംപിക്‌സ്; ഷൂട്ടിങ്ങില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ യശ്ശസുയര്‍ത്തി അഭിനവ് ബിന്ദ്ര സ്വര്‍ണമെഡല്‍ നേടി. 2004ലെ ഏഥന്‍സ് ഒളിംപിക്‌സില്‍ പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പില്‍ രാജ്യവര്‍ദ്ധന്‍ സിങ് റാഥോര്‍ രാജ്യത്തിന് നേടിത്തന്ന വെള്ളി മെഡലിന്റെ തിളക്കത്തിന് മാറ്റുകൂട്ടിക്കൊണ്ടായിരുന്നു ബിന്ദ്രയുടെ നേട്ടം. ലണ്ടനില്‍ 2012-ല്‍ നടന്ന ഒളിംപിക്‌സിലും ഇന്ത്യ രണ്ട് മെഡലുകള്‍ തോക്കുചൂണ്ടി നേടിയിരുന്നു. പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ വിജയ് കുമാറിന്റെ വെള്ളിയും 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഗഗന്‍ നരംങ്ക് വെങ്കലവും. അങ്ങനെ പുരുഷതാരങ്ങള്‍ ഒളിംപിക് സ്വര്‍ണവും വെള്ളിയും വെങ്കലവും കരസ്ഥമാക്കി രാജ്യത്തിന്റെ അഭിമാന താരങ്ങളായി തിളങ്ങുന്നു. എന്നാല്‍ ഈ ഒളിംപിക് മെഡലുകളുടെ തിളക്കത്തിന് ചന്ദ്രോ തോമര്‍ എന്ന യുപിക്കാരിയുടെ മുന്നിലെത്തുമ്പോള്‍ മാറ്റ് കുറഞ്ഞതായി തോന്നും.
കൈവിറയ്ക്കാതെ, ഉന്നം പിഴയ്ക്കാതെ ലക്ഷ്യത്തില്‍ കൊള്ളിക്കാനുള്ള ചന്ദ്രോ തോമര്‍ എന്ന ഷാര്‍പ്പ് ഷൂട്ടറിന്റെ കഴിവ് ലോകത്ത് മറ്റാര്‍ക്കുമില്ലെന്നുതന്നെ പറയാം. കാരണം ആറ് പേരുടെ അമ്മയും 15 പേരുടെ മുത്തശ്ശിയുമായ ചന്ദ്രോയ്ക്ക് ഇപ്പോള്‍ 82 വയസ്സാണ് പ്രായം. ഇന്ന് ബാഗ്പത് ജില്ലയിലുള്ള ജോഹ്‌രി ഗ്രാമത്തിലുള്ളവര്‍ക്ക് ചന്ദ്രോ 'ഷൂട്ടര്‍ ദാദി'(മുത്തശ്ശി)യാണ്. ഈ ഷൂട്ടര്‍ ദാദി തന്നെയാണ് ലോകത്തെ ഏറ്റവും പ്രായമേറിയ പ്രഫഷണല്‍ വനിതാ ഷൂട്ടറും.
വീടിന്റെ ഏതെങ്കിലും കോണില്‍ ഒതുങ്ങിക്കൂടുന്ന മുത്തശ്ശിമാരെയാണ് ഗ്രാമങ്ങളില്‍ പൊതുവേ കാണാനാകുക. എന്നാല്‍ ചന്ദ്രോയെ അതിന് കിട്ടില്ല. കാരണം പ്രായമേറുന്തോറും കൂട്ടിനെത്തുന്ന കാഴ്ച മങ്ങലിനും കൈവിറയലിനും ചന്ദ്രോയുടെ തോക്കിനെ പേടിയാണ്. കഴിഞ്ഞ 17 വര്‍ഷമായി ഷൂട്ടിങ് രംഗത്തെത്തിയിട്ട്. ഇതിനിടെ വാരിക്കൂട്ടിയത് 25ല്‍പ്പരം ദേശീയ ചാമ്പ്യന്‍ഷിപ്പ് നേട്ടങ്ങള്‍. തന്റെ 65-ാം വയസ്സിലാണ് ചന്ദ്രോ ദാദി ഷൂട്ടിങ് രംഗത്തേക്കിറങ്ങിയത്. ആഗ്രഹിച്ചിറങ്ങിയതല്ല, ഷൂട്ടിങ് പഠിക്കാന്‍ താല്‍പര്യം കാണിച്ച ചെറുമകള്‍ക്ക് ഷൂട്ടിങ് ക്ലബ്ബിലേക്ക് കൂട്ടുപോയതാണ് ദാദി. അവിടെ കുറച്ചുസമയമിരുന്ന് ബോറടിച്ചപ്പോള്‍ വെറുതെ ഒരു ശ്രമം നടത്തിനോക്കി. ദാദിയുടെ ഉന്നം കൃത്യമായിരുന്നു. ഇത് ഷൂട്ടിങ് റെയ്ഞ്ചിലെ പരിശീലകന്‍ ഫറൂഖ് പഠാനെ അത്ഭുതപ്പെടുത്തി. പിന്നീട് ഫറൂക്കിന്റെ നിര്‍ദ്ദേശപ്രകാരം പതിവ് പരിശീലനത്തിനെത്തുകയായിരുന്നു.
ആദ്യമൊക്കെ വീട്ടുകാരും ഗ്രാമവാസികളും കുറ്റപ്പെടുത്തി, വീട്ടുകാര്‍ വഴക്കുപറഞ്ഞു വിലക്കി. സ്ത്രീയായിപ്പോയി എന്നതുതന്നെ വിലക്കിനുള്ള പ്രധാന കാരണം. എന്നാല്‍ ദാദി പിന്മാറാന്‍ തയ്യാറായില്ല. പരിശീലനത്തിനായുള്ള യാത്ര പതിവാക്കി. പതിയെപ്പതിയെ തന്റെ നേട്ടങ്ങളിലൂടെ ഈ കുറ്റപ്പെടുത്തലുകളെ പ്രോത്സാഹനമാക്കി മാറ്റി. ഇന്ന് ഷൂട്ടിങ് പരിശീലനത്തിനെത്തുന്ന യുവജനങ്ങള്‍ക്ക് പ്രചോദനമാണ് ചന്ദ്രോ ദാദി. ഷൂട്ടിങ്ങിനെത്തുമ്പോള്‍ പ്രത്യേക വേഷവിധാനങ്ങളൊന്നും ചന്ദ്രോ ദാദി ധരിക്കാറില്ല. സാധാരണ ഗ്രാമീണ വനിതകളെപ്പോലെ വേഷം ധരിച്ചുതന്നെയാണ് ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുക്കുന്നത്. ഷൂട്ടിങ് മേഖലയില്‍ എത്തിയതിന് രണ്ട് വര്‍ഷത്തിനകം ഡല്‍ഹി പൊലീസ് ഡിഐജിയെ പരാജയപ്പെടുത്തിയത് മറക്കാനാകാത്ത അനുഭവമാണെന്ന് ദാദി പറയുന്നു.
ഇന്ന് ചന്ദ്രോ ദാദിയുടെ കുടുംബം ഒരു കൊച്ച് ഷൂട്ടിങ് കുടുംബമാണ്. ചന്ദ്രോയുടെ മകള്‍ സീമ 2010ലെ റൈഫിള്‍ ആന്‍ഡ് പിസ്റ്റള്‍ ലോക കപ്പില്‍ മെഡല്‍ നേടി ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ വനിത എന്ന സ്ഥാനം നേടിയെടുത്തു. കൊച്ചുമകള്‍ നീതു സോളങ്കി ഇപ്പോ ള്‍ അന്താരാഷ്ട്ര തലത്തിലുള്ള ഷൂട്ടിങ് താരമാണ്. മകളും കൊച്ചുമകളും തങ്ങളുടെ നേട്ടത്തിന് ചന്ദ്രോയോട് കടപ്പെട്ടവരാണ്. ചന്ദ്രോയുടേത് മാത്രമായി നിരവധി മെഡലുകളും സമ്മാനങ്ങളുമാണ് വീട്ടില്‍ നിറഞ്ഞിട്ടുള്ളത്. 98,000 രൂപ വിലവരുന്ന പിസ്റ്റലും ഷൂട്ടിങ് ദാദിക്ക് സ്വന്തമായുണ്ട്.ഷൂട്ടിങ് ദാദിയില്‍ നിന്നും പരിശീലനം നേടിയ 27 അന്താരാഷ്ട്ര ഷൂട്ടിങ് താരങ്ങളാണ് ഇന്ന് ജോഹ്‌രി ഗ്രാമത്തിന് സ്വന്തമായുള്ളത്. വീട്ടുജോലികളെല്ലാം ചെയ്ത് തീര്‍ത്ത ശേഷം ഷൂട്ടിങ് ദാദി പരിശീലനത്തിന് ഇറങ്ങും. ഇതിന് പുറമേ ആഴ്ചയിലൊരിക്കല്‍ ഷൂട്ടിങ് ക്ലബ്ബിലെ പരിശീലനം. ഇടയ്ക്ക് ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്കുവേണ്ടി പരിശീലന ക്യാമ്പുകളും. ഇതാണ് ഷൂട്ടിങ് ദാദിയുടെ ജീവിതം.
