ഇല്ലത്തിന്റെ ഉമ്മറത്ത് കടുത്ത ചര്‍ച്ച. തടിച്ചുകൊഴുത്ത ശരീരമുള്ള നാലഞ്ചു നമ്പൂതിരിമാരാണ് ചര്‍ച്ച നയിക്കുന്നത്. അകത്ത് കോലായില്‍ പാദസരം കിലുങ്ങാതെ പമ്മി പമ്മി ഒരു പൂച്ചയെ അനുസ്മരിപ്പിക്കും വിധം നടന്നു വരികയാണ് നമ്പൂതിരിയുട ഭാര്യ. വാതിലിമ്മേല്‍ പാതി മറഞ്ഞുനിന്ന് ഉച്ചയൂണിന്റെ കാര്യം തിരക്കി തിരികെ നടന്നു.... ഇതൊരു കഥയല്ല, ഇതൊരു സങ്കല്‍പ്പമല്ല, ഇതൊരു സ്വപ്‌നവുമല്ല.. നാം നടന്നു വന്ന ജീവിതമാകുന്ന വഴിയില്‍ കണ്ട സത്യമാണ്. സ്ത്രീയെ തളച്ചിട്ട സത്യം. കോലായിവിട്ട് ഉമ്മറത്തേക്കും പടിപ്പുരയിലേക്കും കടന്നുചെല്ലാന്‍ അനുവാദമില്ലാതെ അടുക്കളയില്‍ തളച്ചിട്ട ആയുസുകളുടെ ജീവിതം കഥയായും കവിതയായും ചലച്ചിത്രരൂപത്തിലും ഒക്കെ നാം അറിഞ്ഞിട്ടുണ്ട്. കണ്ടു.. നെടുവീര്‍പ്പിട്ടു.. എന്നിട്ടോ? എന്തെങ്കിലും സംഭവിച്ചോ? അതുമാത്രമില്ല.. കണ്ടതും അറിഞ്ഞതും അറിഞ്ഞുകൊണ്ടിരിക്കുന്നതും അവഹേളനത്തിന്റെ സ്ത്രീയെ തടവുകാരിയാക്കിയതിന്റെ കഥകള്‍ മാത്രമാണ്. പിച്ചിച്ചീന്തിയ പെങ്ങമ്മാരെയോര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കാനാണോ ഇനിയും ഭാവം. ആണ്‍ മേധാവിയുടെ മറപറ്റി ഒളിച്ചു നടക്കാനാണോ ഇനിയും ഒരുങ്ങുന്നത്.
നമ്മുടെ സ്ത്രീകള്‍ ചിന്തിച്ചു തുടങ്ങട്ടെ.. മാറ്റം, അതാണ് ആവശ്യം.. മാറ്റണം ലോകത്തെ. സ്ത്രീയെന്നത് ആരുടെയും അടിമയല്ല.... ബുദ്ധിയിലും ശക്തിയിലും കഴിവു തെളിയിച്ച പടപൊരുതിയ വീര വനിതകളുടെ പിന്മുറക്കാരാണ് നാം. മുറിക്കണം വരമ്പുകളെ. അതിന് ആദ്യം വേണ്ടത് സ്ത്രീയെ സ്വതന്ത്രയായിവിടുക എന്നതു തന്നെയാണ്. സ്ത്രീകള്‍ക്കായി പൊതുയിടങ്ങള്‍ സൃഷ്ടിക്കപ്പെടണം. ആശയങ്ങള്‍ പരസ്പരം പങ്കുവെയ്ക്കാനും പുതിയ ആശയങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായകമാകും. അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ പീഡന വാര്‍ത്തയില്ലാത്ത ഒരു ദിവസം ഇന്ന് സ്വപ്‌നം മാത്രമാണ്. വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്കും സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ക്കും നല്ലൊരു പരിഹാരവും ഇതുതന്നെയാണ്. സ്ത്രീകള്‍ക്കായി പൊതുയിടങ്ങള്‍ സൃഷ്ടിക്കപ്പെടണം. ചായക്കടയില്‍ പോയിരുന്ന് ചായകുടിച്ച് സൊറപറയുന്നത് പുരുഷന്മാരുടെ ഒരു ദിവസത്തിന്റെ തന്നെ ഭാഗമായിരുന്ന കാലമുണ്ടായിരുന്നു. സ്ത്രീകള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങുന്നത് ആകെ ആരാധനാലയങ്ങളില്‍ പോകുവാന്‍ മാത്രമായിരുന്നു. ബാക്കിസമയം വീടിനുള്ളില്‍. ഇന്ന് സ്വന്തംകാലില്‍ നില്‍ക്കാന്‍ അവള്‍ പ്രാപ്തയായിട്ടും വേട്ടയാടല്‍ തീരുന്നില്ല. സ്ത്രീയെന്നത് ഒരു അത്ഭുത വസ്തുവായാണ് ഇന്നും ചിലര്‍ കാണുന്നത്. അത് മാറണം. സ്ത്രീകള്‍ക്ക് സ്വതന്ത്രരായി ജീവിക്കാനുള്ള, ഇരുട്ടിനെ ഭയക്കാതെ വീഥികളില്‍ നടക്കാനുള്ള, പുരുഷനോട് ധൈര്യമായി ഇടപഴകാനുള്ള അവസ്ഥ സൃഷ്ടിക്കപ്പെടണം. കണ്ണാടിക്കൂട്ടില്‍ വച്ചിരിക്കുന്ന ചില്ലുപ്രതിമയല്ല സ്ത്രീ. അങ്ങനെയുള്ള ധാരണയാകണം അവളെ ഈ വിധത്തില്‍ ചൂഷണത്തിന് വിധേയയാക്കാന്‍ കാരണമാകുന്നത്. നേരത്തെ സൂചിപ്പിച്ചപോലെ ചായക്കടയില്‍ പോകുകയും സൊറപറയുകയും ഒന്നുമല്ല സ്ത്രീക്ക് വേണ്ടത്. പൊതുയിടങ്ങളില്‍ പുരുഷന്മാരെപ്പോലെതന്നെ ഇരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യണം. ഒരുകൂട്ടം സ്ത്രീകള്‍ ഒരുമിച്ചിരുന്നാല്‍ ഇവിടെന്താണ് എന്ന് അത്ഭുതത്തോടെ നോക്കുന്ന മനോഭാവം മാറണം.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീകള്‍ക്ക് അതിര്‍ത്തി നിശ്ചയിച്ചിരിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് വനിതാ ഹോസ്റ്റലുകള്‍. വൈകുന്നേരം ആറുമണിക്ക് ശേഷം വനിതാ ഹോസ്റ്റലുകളിലുകളിലെ ഗേറ്റില്‍ വീഴുന്ന താഴ്തന്നെ സ്ത്രീകളെ തളച്ചിടുന്നതിനുള്ളതാണ്. ആയിരക്കണക്കിന് സ്ത്രീകളാണ് ഇന്ന് സര്‍ക്കാര്‍-സ്വകാര്യമേഖലയില്‍ ജോലിനോക്കുന്നത്. അതില്‍ ഭൂരിഭാഗവും മറ്റു ജില്ലകളില്‍ ജോലിചെയ്യുന്നവരാണ്. ഐടി മേഖലയില്‍ പണിയെടുക്കുന്നവരുടെ സമയം കമ്പനികളുടെ ഇഷ്ടാനുസരണമാണ്. രാത്രി ജോലികഴിഞ്ഞെത്തുന്ന ഇത്തരക്കാര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നിഷിദ്ധം. എന്താണ് ഇങ്ങനെയൊരു ചട്ടത്തിനുപിന്നില്‍? സ്ത്രീകള്‍ക്ക് മാത്രം ഇത്തരം പരിധികള്‍ നിശ്ചയിച്ചതാരാണ്? ഈ പരിധികളെ, ഈ അതിരുകളെ വെട്ടിക്കീറി മാറ്റുകയാണ് വേണ്ടത്. സ്ത്രീ എന്നത് വെറും വ്യക്തി മാത്രമാണ്. രക്തവും മാംസവും ചേര്‍ന്ന ഒരു മനുഷ്യശരീരം. ഈ തിരിച്ചറിവുണ്ടാക്കാന്‍ കഴിഞ്ഞാല്‍ സമൂഹത്തെ ആളിയിരിക്കുന്ന രാക്ഷസഭുജത്തില്‍നിന്ന് അവളെ മോചിപ്പിക്കാന്‍ സാധിക്കും.
പൊതു ഇടങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ കുറേശ്ശ കുറെശ്ശ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ ചില പ്രധാന നഗരങ്ങളില്‍ സത്രീകള്‍ ഒത്തുകൂടാനും സായാഹ്നങ്ങള്‍ ചിലവഴിക്കാനും തുടങ്ങിയിരിക്കുന്നു. തികച്ചും സൗഹൃദപരമായ അന്തരീക്ഷത്തില്‍ ഇത്തരം കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കാന്‍ ആണ്‍സമൂഹവും തയ്യാറാവുന്നുണ്ട്.
തിരുവനന്തപുരം നഗരത്തിലെ സ്ത്രീക്കൂട്ടായ്മ ഒരുക്കുന്ന 'ഇടം' അത്തരത്തിലൊന്നാണിന്ന്. മാസത്തെ മൂന്നാമത്തെ വെള്ളിയാഴ്ച്ച വൈകുന്നേരം മാനവീയം വീഥിയിലെ നീര്‍മാതളച്ചോട്ടില്‍ വിവിധ തുറകളിലെ സ്ത്രീകള്‍ ഒത്തുചേരുന്നു. ഊഷ്മളമായ ചര്‍ച്ചകളും ആസ്വാദനങ്ങളും ഒപ്പം ചായയും വടയും. ആദ്യമതൊരു അപൂര്‍വ്വ കാഴ്ച്ചയായിരുന്നെങ്കിലും ഇന്ന് സമൂഹം അംഗീകരിക്കാനും തുടങ്ങിയിരിക്കുന്നു. ഇടം നഗരത്തിലെ മറ്റിടങ്ങളിലേക്ക്കൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സത്രീക്കൂട്ടായ്മ. പൊതു ഇടങ്ങള്‍ ഇത്തരത്തില്‍ രൂപം കൊള്ളുമ്പോള്‍ സ്ത്രീകളെ പൊതുസ്ഥലങ്ങളില്‍ മാനിക്കാന്‍ ആണ്‍സമൂഹം പതുക്കെ തയ്യാറാവും. അത് തികച്ചും സൗഹ്യദപരമായ ആരോഗ്യമുള്ള അന്തരീക്ഷം പൊതു ഇടങ്ങളില്‍ സൃഷ്ടിച്ചെടുക്കും. മാറുന്ന ലേകത്തിന്റെ മാറുന്ന ഇടങ്ങള്‍ ഇനി ഇതാവാതെ തരമില്ല.