ചരിത്രം ഏത് വിഷയത്തെ സംബന്ധിച്ചുമായിക്കൊള്ളട്ടെ എന്നും അതിന് ഏറെ പറയാനുണ്ടാകുക പുരുഷവര്‍ഗ്ഗത്തിന്റെ ജയമാണ്. ജയിച്ച മനുഷ്യരുടെ മാത്രം കഥകള്‍. വിരലിലെണ്ണാവുന്ന തരത്തിലൊതുങ്ങിപ്പോകുന്ന പെണ്‍വിജയങ്ങളും, സാധാരണ ജനങ്ങളുടെ രേഖപ്പെടുത്താതെ പോകുന്ന ചിലതിന്റെ ബാക്കി പത്രവും കൂടിയാണ് ചരിത്രം. ഇന്നും വിസ്മയങ്ങളോടെ മാത്രം നോക്കിക്കാണാന്‍ കഴിയുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മറ്റൊരു ചൈതന്യ രൂപം ഇന്നും നമുക്കിടയില്‍ ജീവിച്ചിരിക്കുന്നുണ്ട്. സരസ്വതി രാജാമണി!

ബര്‍മ്മയില്‍ 1927ല്‍ ജനിച്ച സരസ്വതി, സ്വാതന്ത്ര്യ പോരാളികളുടെ ഒപ്പം വളര്‍ന്ന സ്വാതന്ത്ര്യ സമരത്തിന്റെ ഇനിയും ജീവിച്ചിരിക്കുന്ന രക്തസാക്ഷി കൂടിയാണ്.
തൃശ്ശനാപ്പള്ളിയില്‍ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനു നോട്ടപ്പുള്ളിയായ രാജാമണിയുടെ അച്ഛന്‍ ബര്‍മ്മയിലേയ്ക്ക് നാടുവിടുകയായിരുന്നു. ഭാഗ്യവശാല്‍ അദ്ദേഹം ആരംഭിച്ച ബിസിനസ്സ് വളര്‍ന്നു. ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് റങ്കൂണിലെ ഏറ്റവും വലിയ സ്വര്‍ണ്ണഖനിയുടെ ഉടമയായി മാറി. എങ്കിലും ഇക്കാലമത്രയും പാരതന്ത്ര്യത്തില്‍ കഴിയുന്ന നാടിനെക്കുറിച്ച് അദ്ദേഹം വേദനിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് മുഴുവന്‍ സ്വത്തുക്കളും സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഗാന്ധിജിക്ക് നല്‍കി സമരത്തില്‍ പങ്കെടുക്കുവാന്‍ ആ കുടുംബം തീരുമാനിച്ചത്. പക്ഷേ, അന്ന് 16 വയസ് പ്രായമുണ്ടായിരുന്ന രാജാമണിക്ക് ഗാന്ധിജിയുടെ അഹിംസാവാദത്തില്‍ വിശ്വാസമുണ്ടായിരുന്നില്ല. പത്താം വയസ്സില്‍ തോക്കേന്തിയ സരസ്വതിയ്ക്ക് സ്വാതന്ത്ര്യം ഒരു കുടുംബകാര്യമായിരുന്നു. സമരമുഖത്തെ തോക്കിന്റെ രാഷ്ട്രീയം രാജാമണിയ്ക്ക് ചെറുതിലേ ബോധ്യപ്പെട്ടിരുന്നു. തോക്കുമേന്തി നില്‍ക്കുന്ന രാജാമണിയോട് 'എന്തിനാണ് കുഞ്ഞേ നീ തോക്കെടുത്തതെന്ന' ചോദ്യത്തിന് 'ബ്രിട്ടീഷുകാരെ കൊല്ലാന്‍' എന്ന മറുപടിയാണവര്‍ ആ ചെറു പ്രായത്തിലും നല്‍കിയത്.
സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടയായ രാജാമണിക്ക് അദ്ദേഹത്തിന്റെ പാത തന്നെ തുടരാനായിരുന്നു ആഗ്രഹം. തന്റെ കൈയിലുണ്ടായിരുന്ന സ്വര്‍ണ, രത്‌നങ്ങളെല്ലാം ഐഎന്‍എയ്ക്ക് നല്‍കി പതിനാറാം വയസ്സില്‍തന്നെ സരസ്വതി സമരമുഖത്തേയ്ക്ക് എത്താന്‍ ശ്രമങ്ങളും തുടങ്ങി. മകളുടെ അറിവില്ലായ്മയാണെന്ന് തെറ്റിദ്ധരിച്ച സുഭാഷ് ചന്ദ്രബോസ് അവള്‍ നല്‍കിയ പണ്ടങ്ങള്‍ വീട്ടില്‍ കൊണ്ടുവന്ന ചരിത്രവും രാജാമണിയുടെ ജീവിതത്തിനുമാത്രം സ്വന്തം. 'ഞാനിത് തിരികെ എത്തിക്കാന്‍ വന്നതാണ്. നിഷ്‌കളങ്കയായ അവള്‍ നിങ്ങളുടെ വീട്ടിലെ സ്വര്‍ണ്ണങ്ങള്‍ ഐഎന്‍എയില്‍ ചേരാനായി കൊണ്ടുവന്നിരുന്നു. സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. സ്വാതന്ത്ര്യത്തിന് സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ടെന്നറിയാമായിരുന്ന ആ കുടുംബം അത് സ്വീകരിച്ചില്ല.
ലക്ഷ്മി(സ്വര്‍ണ്ണം) വരും പോകും എന്നാല്‍ സരസ്വതി (അറിവ്) വിട്ടുപോകില്ല. അതുകൊണ്ട് നിന്നെ ഇനിമുതല്‍ ഞാന്‍ സരസ്വതി എന്ന് വിളിക്കും. നേതാജി പറഞ്ഞു.
ആണ്‍വേഷവും, മണി എന്ന പേരും സ്വീകരിച്ച് ചാരപ്രവര്‍ത്തനങ്ങള്‍ നടത്തിയ സരസ്വതിയുടെ ജോലി, ബ്രിട്ടീഷുകാരുടെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുക എന്നതായിരുന്നു. ചാരപ്രവൃത്തി ചെയ്യുന്ന ഒരാള്‍ക്ക് സംഭവിക്കാവുന്ന സ്വാഭാവികമായ അപകടത്താല്‍ സഹപ്രവര്‍ത്തക എങ്ങനെയോ ബ്രിട്ടീഷ് പട്ടാളത്തിന്റെ പിടിയിലായി. അവളേയും രക്ഷിച്ചു കൊണ്ട് ഓടുന്നതിനിടയില്‍ രാജാമണിയുടെ കാലിനു വെടിയേറ്റു. പ്രാണരക്ഷാര്‍ത്ഥം വെടിയുണ്ടയുമായി അവര്‍ ഒരു മരത്തില്‍ കയറി ഒളിച്ചിരുന്നു ഒന്നും രണ്ടുമല്ല, മൂന്നു ദിവസം. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടണ്‍ ജയിച്ചു. ഐഎന്‍എയിലുള്ളവരോട് പിരിഞ്ഞു പൊയ്‌ക്കൊള്ളാന്‍ നേതാജി ആവശ്യപ്പെട്ടതിന്‍ പ്രകാരം രാജാമണി ഐഎന്‍എയില്‍ നിന്നും പിരിഞ്ഞു. അതുവരെ ഐഎന്‍എയുടെ ഏറ്റവും മികച്ച പ്രവര്‍ത്തകയായി മണി എന്ന സരസ്വതി നിലകൊണ്ടു.
ജയലളിതയുടെ സഹായം അവര്‍ക്ക് വാടകവീട്ടില്‍ നിന്ന് ഫഌറ്റിലേയ്ക്ക് മാറാനുള്ള സഹായമായി. അഞ്ചുലക്ഷം രൂപ, ആ മഹത് വ്യക്തിത്വത്തിന്റെ ഒരു ആയുഷ്‌കാലത്തിന്റെ പ്രതിഫലവും ജയലളിത നല്‍കി. അത്രയെങ്കിലും ഒരാള്‍ ഓര്‍ത്തല്ലോ എന്ന് അവര്‍ ആശ്വസിക്കുന്നുണ്ടാകാം.
25 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സ്വാതന്ത്ര്യ സമര സേനാനി എന്ന ആദരവ് അവര്‍ക്ക് ലഭിച്ചത്. സര്‍ക്കാരിന്റെ 3000 രൂപ സഹായ ധനം കൊണ്ട് നിത്യച്ചെലവുകള്‍ നടത്തി അവരിന്നും ഇന്ത്യയുടെ ഒരു കോണില്‍ ഉണ്ട്. നിറം മങ്ങി പഴകിയ കാക്കി യൂണിഫോമില്‍, തലയില്‍ ചരിച്ച കാക്കി തൊപ്പി, നെഞ്ചില്‍ നാലോ അഞ്ചോ പതക്കങ്ങള്‍, ഇവയൊക്കെയായി ഇന്നും അവര്‍ അതിഭാവുകത്വങ്ങളേതുമില്ലാതെ വിളിക്കുന്നുണ്ട്.. ഭാരത് മാതാ കി ജയ് എന്ന്. അഭിനവ നേതാജിമാര്‍ അത് കേള്‍ക്കുന്നുണ്ടാവണം.