കല്‍പ്പിത ദിനങ്ങളുടെ ജയിലറകള്‍ക്കുള്ളില്‍ തളയക്കപ്പെട്ട് കിടക്കുകയാണ് നമ്മുടെ പ്രകൃതി. ഓരോ ദിനങ്ങളും നമുക്ക് കാട്ടിത്തരുന്നത് കഠിനമായ വരള്‍ച്ചയെയും വരാനിരിക്കുന്ന ജലക്ഷാമത്തെയുമാണ്. അടയാളപ്പെടുത്തലുകള്‍ക്കായി മാത്രം മറ്റൊരുദിനംകൂടി കടന്നുവരുന്നു. ഫെബ്രുവരി 2, ലോക തണ്ണീര്‍ത്തടദിനം.
ജൈവ വൈവിധ്യത്തിന്റെ തൊട്ടിലുകളാണ് ലോകത്തെമ്പാടുമുള്ള തണ്ണീര്‍ത്തടങ്ങള്‍. ദിശാബോധമില്ലാത്ത വികസന പ്രക്രിയയില്‍പ്പെട്ട് തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത് തുടര്‍ന്നാല്‍ ലോകജീവിതം ദുഷ്‌കരമാകാന്‍ ഇനി ഏതാനും ദശാബ്ദങ്ങള്‍മാത്രമേ വേണ്ടിവരൂ. ഏറ്റവും പാരിസ്ഥിതിക ഉത്പാദനക്ഷമതയുള്ള വ്യൂഹങ്ങളാണവ. അവ നല്‍കുന്ന സേവനങ്ങള്‍ അമൂല്യവുമാണ്. നമുക്കും ഭാവിതലമുറയ്ക്കും വേണ്ടി അവ, വനസമ്പത്തിനേയും ജൈവവൈവിധ്യത്തേയും ജന്തുക്കളേയും സസ്യങ്ങളേയും ഏക്കാലവും കാത്തുരക്ഷിക്കുന്നു. മനുഷ്യന്റെ എക്കാലത്തെയും നിലനില്പിനും വലിയ പങ്ക് വഹിക്കുന്നു. ലോക തണ്ണീര്‍ത്തട ദിനം അഥവാ വേള്‍ഡ് വെറ്റ് ലാന്‍ഡ്‌സ് ഡേ, പ്രകൃതിയെ മറന്ന് ജീവിക്കുന്ന മനുഷ്യന്റെ മുമ്പില്‍ ഈ ദിനത്തിന് അത്ര പ്രസക്തിയൊന്നും ഉണ്ടാവില്ല. എന്നാല്‍ വരും തലമുറയോട് പലതിനും നാം സമാധാനം നല്‍കേണ്ടി വരുമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇത്തരം ദിനങ്ങളെന്ന് നാം തിരിച്ചറിയണം.
ലോകത്തിന്റെ വൃക്കകള്‍ എന്നറിയപ്പെടുന്ന തണ്ണീര്‍ത്തടങ്ങള്‍ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആറു മീറ്റര്‍ ആഴത്തില്‍ കുറഞ്ഞ മനുഷ്യ നിര്‍മ്മിതമായതോ പ്രകൃതിജന്യമായതോ ആയ ശുദ്ധജല തടാകങ്ങള്‍, ഉപ്പു രസമുള്ള കായലുകള്‍, കുളങ്ങള്‍, പുഴകള്‍, വയലുകള്‍, കണ്ടല്‍ക്കാടുകള്‍ എന്നിവയെല്ലാം തണ്ണീര്‍ത്തടങ്ങളില്‍ ഉള്‍പ്പെടുത്താവുന്നവയാണ്. 1971 ഫെബ്രുവരി 2-ന് ലോക രാഷ്ട്രങ്ങള്‍ ഇറാനിലെ റംസാര്‍ പട്ടണത്തില്‍ സമ്മേളിച്ചപ്പോഴാണ് തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യത്തെപ്പറ്റി അന്താരാഷ്ട്രതലത്തില്‍ വിലയിരുത്തപ്പെട്ടത്. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കാനും പ്രായോഗികമായി ഉപയോഗിക്കാനും സമ്മേളനത്തില്‍ തീരുമാനമായി. തുടര്‍ന്ന് തണ്ണീര്‍ത്തടങ്ങളെ റംസാര്‍ കേന്ദ്രങ്ങളെന്നും വിശേഷിപ്പിച്ചു പോന്നു. ലോകത്ത് നിലവില്‍ 169 രാജ്യങ്ങളിലായി 2,252 റംസാര്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ഇന്ത്യയില്‍ ആകെയുള്ള 26 റംസാര്‍ കേന്ദ്രങ്ങളില്‍ മൂന്നെണ്ണം കേരളത്തിലാണ്. വേമ്പനാട്, ശാസ്താംകോട്ട, അഷ്ടമുടി എന്നീ കായലുകളാണ് ഈ കേന്ദ്രങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ വരുന്ന ഈ മൂന്നു റംസാര്‍ സൈറ്റുകളും ഇന്ന് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടുകയാണ്. പ്രകൃതി ക്ഷോഭങ്ങള്‍ തടയാനും, വനസംരക്ഷണത്തിനും, കാലാവസ്ഥാ വ്യതിയാനം, ജലക്ഷാമം, ഭക്ഷ്യക്ഷാമം എന്നിവ പരിഹരിക്കുന്നതിനും തണ്ണീര്‍ത്തടങ്ങളിലൂടെ സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വേണ്ടത്ര പരിരക്ഷണം ലഭിക്കാത്തതും, മലിനീകരണവും, വ്യാപകമായ കുടിയേറ്റം, ഭൂമിയുടെ സന്തുലിതാവസ്ഥയെ താറുമാറാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളും, തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യത്തെപ്പറ്റി മനസിലാക്കാത്തതും അവയെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു.
തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുക എന്നത് ഇപ്പോള്‍ ഒരു വെല്ലുവിളിയായേക്കും എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ പോലും വിലയിരുത്തല്‍. തണ്ണീര്‍ കെട്ടിക്കിടക്കുന്ന എല്ലാത്തരം ഇടങ്ങളെയും തണ്ണീര്‍ത്തടങ്ങളായി പരിഗണിക്കാം. ജലക്ഷാമം രൂക്ഷമാകുന്ന അവസരങ്ങളില്‍ ഇവയെ പ്രയോജനപ്പെടുത്താമെന്നിരിക്കെ ഇവയെല്ലാം ചവര്‍ കൂമ്പാരങ്ങളാകുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും. ഒരു കാര്യം ഉപയോഗിക്കുന്നത് കൊണ്ട് ഒരു തെറ്റുമില്ല, എന്നാല്‍ അതില്‍ നിന്ന് വരുന്ന എല്ലാ മലിന വസ്തുക്കളുടെയും ഉടമയും നമ്മള്‍തന്നെയാണെന്ന വസ്തുതയാണ് നാം പലപ്പോഴായി വിസ്മരിക്കാറുള്ള കാര്യം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂലം പരിസ്ഥിതിക്കുണ്ടാവുന്ന ദോഷത്തെക്കുറിച്ച് വാചാലരാകുന്ന നമ്മള്‍ അത് അടുത്ത് കാണുന്ന ചാലിലോ, കുളങ്ങളിലോ വലിച്ചെറിയാന്‍ മടികാണിക്കുന്നില്ല. ഇന്ന് നാം വിലകൊടുത്തു വാങ്ങുന്ന ജലം, ശുദ്ധമാണോ എന്ന് പോലും നിശ്ചയമില്ല. അതിലും എത്രയോ നല്ല വെള്ളം ഒരുകാലത്ത് ഒഴുകിയിരുന്ന പുഴകളും കുളങ്ങളുമാണിന്ന് ചവറിന് അഭയസ്ഥാനമായിരിക്കുന്നത്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ച്ചയിലേയ്ക്ക് എത്തിച്ചത് ഒരു തലമുറയല്ല. അത് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ദുശ്ശീലമാണ്. നിങ്ങളുടെ മക്കള്‍ ഇന്ന് എന്തെങ്കിലും വലിച്ചെറിയുന്നുണ്ടെങ്കില്‍ അതില്‍ ഒരു പരിധിവരെ കാരണക്കാര്‍ നിങ്ങള്‍തന്നെയാണെന്നതാണ് വാസ്തവം. എന്തെന്നാല്‍ പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വിപണിയില്‍ ഇറങ്ങിയിട്ട് ഒട്ടേറെ വര്‍ഷങ്ങളായി. അത് പഠനമേഖലയായിട്ടും നിരവധി വര്‍ഷങ്ങളായി. അമേരിക്കയിലെ ബോസ്റ്റണില്‍ 1767-ാം ആണ്ടില്‍ കുപ്പിയില്‍ കുടിക്കാനുള്ള വെള്ളം ഇറക്കിയപ്പോള്‍ മലയാളികളായ നാം ചിരിച്ചു. ചൈനയില്‍ ശ്വാസവായു ബോട്ടിലില്‍ ആക്കി വിതരണം നടത്തിയപ്പോഴും നാം ചിരിച്ചുകൊണ്ടേയിരിക്കുന്നു. പരിസ്ഥിതിയില്‍ എല്ലാം ഒന്നിനോട് ഒന്ന് ബന്ധപ്പെട്ടതാണ്. തണ്ണീര്‍ത്തടങ്ങളും പരിസ്ഥിതിയില്‍പ്പെടുന്നവയാണ്. ഒത്തുപിടിച്ചാലേ മലയും പോരൂ.













