ഒരു തുറന്ന ചർച്ചാവേദി

Saturday, 4 February 2017

സ്റ്റാമ്പ് ശേഖരവും ഒരു കലയാണ്


രമ്യ മേനോന്‍ 

കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളായി ആ അമ്മ സ്റ്റാമ്പുകള്‍ ശേഖരിക്കുകയാണ്. പല വര്‍ണ്ണങ്ങളിലും വലിപ്പങ്ങളിലുമുള്ള അനേകായിരം സ്റ്റാമ്പുകള്‍. അതില്‍ ഒരു പുതുമയും ഉണ്ടാകാനിടയില്ല. എന്നാല്‍ 82 വയസ്സായ ആ സ്ത്രീയുടെ ജീവിതത്തില്‍ സ്റ്റാമ്പുകള്‍ ചെറുതായൊന്നുമല്ല വര്‍ണ്ണം ചൊരിഞ്ഞത്. 
ലിറ്റ്‌ചെന്‍സ്‌റ്റെയിന്‍ എന്ന രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്ന് സ്റ്റാമ്പ് ശേഖരണത്തിലൂടെ ലഭിക്കുന്നത്. എന്നാല്‍ ശേഖരിച്ച് വെക്കുക എന്നതില്‍പ്പരം സ്റ്റാമ്പുകളെ മറ്റെന്തെങ്കിലും തരത്തില്‍ ഉപയോഗപ്പെടുത്താനാകുമോ?
സ്റ്റാമ്പ് ശേഖരണം ഒരു കലയാക്കി മാറ്റിയ ദീപ മെല്‍കോട്ടെ എന്ന മുത്തശ്ശിയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. ബ്രിട്ടിഷ് യുവതി സ്റ്റാമ്പ് ശേഖരണം കൊണ്ടുണ്ടാക്കിയ വാള്‍പേപ്പറിനെക്കുറിച്ച് ഒരു ലേഖനത്തില്‍ വായിച്ചത് മുതലാണ് ബാംഗളുരു സ്വദേശിനിയായ ദീപ മെല്‍കോട്ട എന്ന മുത്തശ്ശിയ്ക്ക്, താന്‍ ശേഖരിച്ച സ്റ്റാമ്പുകള്‍ കൊണ്ട് ഇത്തരത്തില്‍ എന്തെങ്കിലും ഉണ്ടാക്കിയാലോ എന്ന ചിന്തയുണ്ടായത്. അങ്ങനെ കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളായി കൂട്ടിവെച്ചിരുന്ന വിവിധ വര്‍ണ്ണങ്ങളിലും രൂപങ്ങളിലുമുള്ള സ്റ്റാമ്പുകള്‍ ചിത്രങ്ങളിലേയ്ക്ക് വഴിമാറി. 
ചിത്രങ്ങള്‍ക്കുതകുന്ന വിധത്തില്‍ സ്റ്റാമ്പുകളെ ചെറുതാക്കി മുറിച്ചതിന് ശേഷം ക്യാന്‍വാസില്‍ ഒട്ടിക്കുകയാണ് ദീപ മുത്തശ്ശിയുടെ രീതി. ഇത്തരത്തില്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി സ്റ്റാമ്പുകള്‍കൊണ്ട് അവര്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ ദീപയുടെ ഭര്‍ത്താവിന് സ്ഥലം മാറ്റങ്ങള്‍ കിട്ടുമ്പോഴും തന്റെ സ്റ്റാമ്പ് കളക്ഷന്‍ കൂടെക്കൂട്ടാന്‍ അവര്‍ മറന്നില്ല. ഒരു സ്റ്റാമ്പ് പോലും കളയാന്‍ ഇഷ്ടമില്ലാതിരുന്ന ദീപ ഭര്‍ത്താവിനോട് പോലും പറയുമായിരുന്നു  ഓഫീസില്‍ ഉപയോഗിച്ച് ഉപേക്ഷിക്കപ്പെടുന്ന സ്റ്റാമ്പുകളേയും തനിക്ക് തരണമെന്ന്. ഒട്ടുമിക്ക സ്റ്റാമ്പുകളുടെയും കളക്ഷനുകള്‍ സൂക്ഷിച്ച് വെച്ച ദീപ അതില്‍ നിന്നൊക്കെ പിന്നീട് ഉണ്ടാക്കിയത് എത്രയോ നിറങ്ങളിലും വൈവിധ്യങ്ങളിലുമുള്ള ചിത്രങ്ങളാണ്. കുടം ചുമന്നുകൊണ്ട്  പോകുന്ന സ്ത്രീ, നൃത്തം ചെയ്യുന്ന സ്ത്രീയും പുരുഷനും, ഫഌവര്‍ വെയ്‌സ് എന്നിവ അതില്‍ ചിലത് മാത്രമാണ്. 
കര്‍ണാടകയിലുള്ള ഫിലാറ്റെലിസ്റ്റുകളുടെ സംഘത്തിലെ അഞ്ഞൂറിലധികം വരുന്ന അംഗങ്ങളും വര്‍ഷങ്ങളായി സ്റ്റാമ്പ് ശേഖരണം നടത്തുന്നവരാണ്. അതിന്റെ ജനറല്‍ സെക്രട്ടറിയായ നിഖിലേഷ് മെല്‍ക്കോട്ടെ ദീപയുടെ മകനാണ്. എട്ടുവയസ്സുമുതല്‍ നിഖിലേഷ് സ്റ്റാമ്പുകള്‍ ശേഖരിക്കുന്ന വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. വിവിധ പ്രമേയങ്ങള്‍ വിഷയമാക്കിയുള്ള സ്റ്റാമ്പുകള്‍ നിഖിലേഷിന്റെ പക്കലുമുണ്ട്. അന്താരാഷ്ട്ര പുരസ്‌കാര ജേതാവ് കൂടിയായ നിഖിലേഷിന്റെ ശേഖരണം കാണാന്‍ വിദേശത്തുനിന്നുപോലും ആളുകള്‍ വന്നിരുന്നു.
ഉപയോഗമുള്ള വസ്തുക്കള്‍പോലും ട്രെന്‍ഡ് മാറുമ്പോള്‍ ചവര്‍ കൂമ്പാരങ്ങളിലേയ്ക്ക് തള്ളുന്ന ഈ സമൂഹത്തില്‍ ഒരു വേറിട്ട വ്യക്തിത്വമാണ് ഈ മുത്തശ്ശി. 'ഒരു തീപ്പെട്ടിക്കൂട് പോലും കളയാനില്ല, കൗതുകപരമായി ചിന്തിച്ചാല്‍ അതും ഒരു ഫഌവര്‍വെയ്‌സിനുള്ള അസംസ്‌കൃത വസ്തുവാക്കി മാറ്റാന്‍ നമുക്ക് കഴിയുമെന്ന്' മുത്തശ്ശി പറയുന്നു. 
മധുര മീനാക്ഷി ക്ഷേത്രം മുതല്‍ തുംഗഭദ്ര ഡാം വരെ ദീപ ഇത്തരത്തില്‍ സ്റ്റാമ്പ് കൊണ്ട് മെനഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി തുടര്‍ന്ന് പോന്ന തന്റെ സ്റ്റാമ്പ് ശേഖരണം എന്ന വിനോദവും ക്ഷമാശീലവുമാണ് മുത്തശ്ശിയുടെ പ്രായത്തെ ചെറുപ്പത്തിന്റെ ഉത്സാഹങ്ങളിലേക്ക് നയിച്ചതെന്ന് നിസ്സംശയം പറയാം. പ്രായമല്ല, മനസ്സാണ് എന്തിന്റെയും അടിത്തറ.

Share:
Scroll To Top