രമ്യ മേനോന്‍
ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീകരണം ഉളവാക്കുന്ന രണ്ട് പ്രധാന വിഷയങ്ങളാണ് പരസ്യങ്ങളും കളിപ്പാട്ടങ്ങളും. ഇവ രണ്ടും അവയുടെ നിലനില്‍പ്പിന് വേണ്ടിയാണെങ്കില്‍ക്കൂടി പലപ്പോഴായി നമ്മോട് പരോക്ഷമായി ആവശ്യപ്പെടുന്നതും വര്‍ഗ്ഗീകരിക്കപ്പെടുക എന്നതാണ്. സമൂഹ മാധ്യമങ്ങളില്‍ നിരവധി തവണ ചര്‍ച്ചകള്‍ക്ക് വിധേയമായ ഭക്ഷണമാണ് കിന്റര്‍ ജോയ്, ലെയ്‌സ്, ഓറിയോ ബിസ്‌കറ്റ് എന്നിവ. സ്ത്രീ പുരുഷ വര്‍ഗീകരണം പരോക്ഷമായി കുട്ടികളില്‍ കുത്തിവയ്ക്കുന്നതിന് കിന്റര്‍ ജോയ് എന്ന മിഠായി തന്നെയാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. മധുരത്തിലുമുപരി അവ വാങ്ങുമ്പോള്‍ കിട്ടുന്ന കളിപ്പാട്ടങ്ങള്‍ കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നവയാണ്. 'ആണ്‍കുട്ടികള്‍ക്ക് റെയ്‌സിങ് കാറും പെണ്‍കുട്ടികള്‍ക്ക് ബാര്‍ബി ഡോള്‍സുമെന്നാണ്' ഇതിന്റെ പരസ്യ വാചകം തന്നെ. വളരെ ചെറുപ്പത്തിലേ കുട്ടികളെ തരംതിരിക്കാനുള്ള പ്രവണത നമ്മുടെ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ഇത്തരം പരസ്യങ്ങള്‍ക്കും പങ്കുണ്ട്. ഏത് തരത്തിലുള്ള കളിപ്പാട്ടങ്ങളും എല്ലാ കുട്ടികള്‍ക്കും ഉപയോഗിക്കാം. ഞാന്‍ പെണ്‍കുട്ടിയായതുകൊണ്ട് എനിക്ക് ബാര്‍ബി തന്നെ വേണമെന്ന് കുട്ടികള്‍ വാശിപിടിക്കാറില്ല. പിന്നെ മുതിര്‍ന്നവര്‍ എന്തിന് ഇങ്ങനെയൊരു തരം തിരിവ് കാണിക്കണം.
അതുപോലതന്നെ മറ്റൊരു തരംതിരിവിന്റെ കൂടാരമാണ് 'ഹോര്‍ലിക്‌സ്' എന്ന ഹെല്‍ത്ത്് ഡ്രിങ്ക്. പാലിന്റെ മണം ഇഷ്ടമല്ലാത്തവര്‍ക്ക് പാല്‍ കുടിക്കുന്നതിനുള്ള ഉപായം എന്നനിലയ്ക്കാണ് ഹെല്‍ത്ത് ഡ്രിങ്കുകള്‍ വിപണിയിലെത്തിയത്. എന്നാല്‍ ഇന്നിവ വില്‍ക്കുന്നത് തന്നെ പല പ്രായങ്ങളിലും, പല അവസ്ഥയിലുള്ള കുട്ടികള്‍ക്കും ആളുകള്‍ക്കുമൊക്കെയാണ്. പൊക്കം കൂടാനൊന്ന്, പഠിക്കാനൊന്ന്, തൂക്കം വര്‍ധിപ്പിക്കാന്‍ മറ്റൊന്ന് ഇങ്ങനെ പോകുന്നു തരം തിരിവുകള്‍. ഒരു വീട്ടില്‍ പല അടുക്കളപോലെ അമ്മയ്‌ക്കൊന്ന,് അച്ഛനൊന്ന്, മകള്‍ക്ക് മറ്റൊന്ന് ഇങ്ങനെയും ചില ഹോര്‍ലിക്‌സുകളും നിലവിലുണ്ട്. ഇത് കുറച്ച് കുട്ടികളിലെങ്കിലും അപകര്‍ഷതാ ബോധത്തിന്റെ വിത്തുകള്‍ പാകുന്നതിന് കാരണമാകുന്നുണ്ട്. പൊക്കക്കുറവ് ജനിതക പ്രത്യേകത കാരണമല്ലെന്നും അതുപോലും വിലകൊടുത്തു വാങ്ങാമെന്നുള്ള മിഥ്യാബോധങ്ങള്‍ ഉളവാക്കാനിടയുണ്ട്.
സൗന്ദര്യ വര്‍ധക വസ്തുക്കളുടെ പരസ്യങ്ങളില്‍ പറയുന്ന കാര്യങ്ങളിലാകട്ടെ തികച്ചും വൈരുധ്യമായിട്ടുള്ള കാര്യങ്ങള്‍ പോലും ചില പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മുടിയുടെ ഉള്ളുകുറഞ്ഞാല്‍, ഒരു മുഖക്കുരു വന്നാല്‍, അല്‍പ്പം വെയില്‍ കൊണ്ടാല്‍, എല്ലാം സ്ത്രീകളുടെ ആത്മവിശ്വാസം അപ്പാടെ ചോര്‍ന്നുപോയി എന്നുപോലും തോന്നിപ്പോകും. പുതിയ പരസ്യങ്ങളില്‍ വരുത്തുന്ന 'ഭീകരമായ' ഇത്തരം പുതുമയാണ് പലപ്പോഴും പരിഭ്രാന്തിയിലാക്കുന്ന മറ്റൊരു കാര്യം. 'ഫെയര്‍ ആന്‍ഡ് ലൗലി' പുതിയത് ഉപയോഗിക്കുമ്പോള്‍ എക്‌സപയറി ഡേറ്റ് കഴിയാതിരിക്കുന്ന ഫെയര്‍ ആന്‍ഡ് ലൗലി എന്തുചെയ്യണമെന്നും അതുകൊണ്ട് ഇനി പ്രയോജനം ഉണ്ടാകുമോ എന്ന ആശങ്കയും, ഇനി അത് തേച്ചാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്നുള്ള ഭയവും ഉണ്ടാക്കുകയും ചെയ്യുന്നു. ഈ ആശങ്കകള്‍ എല്ലാ വിഭാഗത്തിലുമുള്ള ഉല്‍പ്പന്നങ്ങള്‍ക്കുമുണ്ട്. പല പ്രമുഖ ആശുപത്രികളിലും ഭ്രൂണം വില്‍ക്കുന്ന പ്രവണതയെ സൃഷ്ടിക്കുന്നതിനും ഒരു പരിധിവരെ കാരണമായിരിക്കുന്നത് ഇത്തരം സൗന്ദര്യവര്‍ധക വസ്തുക്കളാണ്. ഭൂരിപക്ഷം സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് ഭ്രൂണം ഉപയോഗിച്ചാണ്. കരാര്‍ അടിസ്ഥാനത്തില്‍ ഭ്രൂണവിപണി നടത്തുന്ന ആശുപത്രികള്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍പ്പോലുമുണ്ട്. നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കുന്ന ഡോക്ടര്‍മാരാണ് ഇതിന് ഇടനില നില്‍ക്കുന്നത്. ആശുപത്രി മാനേജ്‌മെന്റിന്റെ ഒത്താശ ഇതിനുണ്ട്. വ്യാജ അസുഖങ്ങളുടെ പേരിലാണ് ഈ കൊടുംപാതകം ആശുപത്രികള്‍ ചെയ്യുന്നത്. പണം വാങ്ങി കുഞ്ഞുജീവനെ ഇല്ലായ്മചെയ്യാന്‍ കൂട്ടുനില്‍ക്കുന്ന ഈ കമ്പനികളുടെ വസ്തുക്കളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും ഇവയുടെ ശരിയായ പ്രവര്‍ത്തനം വിലയിരുത്താന്‍ ഒരു ലാബ് പോലും തയ്യാറാകുന്നില്ല. ആരോഗ്യ വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഒത്തിരി കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന എതിനിക് ഹെല്‍ത് കോര്‍ട്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നല്‍കുന്ന പരിമിതമായ അറിവുകള്‍ മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍, ഉപയോഗിച്ചിരിക്കുന്ന മായം എന്നിവയെക്കുറിച്ച് പറയുന്നത്.
പരസ്യങ്ങള്‍ വിപണനത്തിന് ഏറെ സഹായിക്കുന്നവയാണെങ്കിലും നിരന്തരമായുള്ള ശ്രദ്ധക്ഷണിക്കല്‍ കുട്ടികളില്‍ പുതുശീലം ഉടലെടുക്കാന്‍ കാരണമാകുന്നുവെന്നതിന് ഉദാഹരണമാണ് 'ലെയ്‌സ്'വിഭാഗത്തിലുള്ള ലഘുഭക്ഷണങ്ങള്‍. കൊച്ചുകുട്ടികളില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ട ഈ പായ്ക്കറ്റുകള്‍ കൂമ്പാരമായി വാങ്ങുന്ന അച്ഛനമ്മമാരെ ഇടയ്ക്ക് കാണാം. ഭക്ഷണത്തിന്റെ രുചിയില്‍പ്പെട്ടുപോകുന്ന കുട്ടികളുടെ വാശിക്കൊത്ത് ഓരോന്ന് ചെയ്യേണ്ടി വരികയാണ് പല മാതാപിതാക്കള്‍ക്കും.
എന്നാല്‍ വര്‍ഗ്ഗീകരണവും വഞ്ചനയും ഒഴിവാക്കിയുള്ള പല പരസ്യങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. ഒത്തിരി നന്മകള്‍ പറയാനില്ലെങ്കിലും വിഷചിന്തകള്‍ കഴിവതും ഒഴിവാക്കിയുള്ള, പഴയ കാല പരസ്യങ്ങളാണ് അതിന് ഉദാഹരണം. വിപണയില്‍ പുതിയ ഉത്പന്നത്തെ അവതരിപ്പിക്കുമ്പോള്‍, അത് വാങ്ങി ഉപയോഗിക്കാന്‍ തോന്നിപ്പിക്കുക എന്നതാണ് പരസ്യങ്ങളുടെ ലക്ഷ്യം. അടിമപ്പെടാതിരിക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള ഏക പോംവഴി.
