ഹൃദ്യ മേനോന്‍ എം കെ
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ നിന്നും കഴിഞ്ഞ വര്‍ഷം മെയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പതിനാറുകാരിയായ നൂര്‍ വീടുവിട്ടിറങ്ങിയപ്പോള്‍ അന്നവള്‍ക്ക് വിലപിടിച്ച നിരവധി കാര്യങ്ങള്‍ നഷ്ടമായിരുന്നു. അവളുടെ സ്വന്തം വീട്, പ്രിയ കൂട്ടുകാര്‍, പിന്നെ സ്‌കൂള്‍ വിദ്യാഭ്യാസവും.
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ നിന്നും കഴിഞ്ഞ വര്‍ഷം മെയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പതിനാറുകാരിയായ നൂര്‍ വീടുവിട്ടിറങ്ങിയപ്പോള്‍ അന്നവള്‍ക്ക് വിലപിടിച്ച നിരവധി കാര്യങ്ങള്‍ നഷ്ടമായിരുന്നു. അവളുടെ സ്വന്തം വീട്, പ്രിയ കൂട്ടുകാര്‍, പിന്നെ സ്‌കൂള്‍ വിദ്യാഭ്യാസവും.
ഇന്ന് ജോര്‍ദാനിലെ അഭയാര്‍ഥി ക്യാമ്പില്‍ സുഖകരമല്ലെങ്കിലും സമാധാനപരമായ പുതുജീവിതം ആരംഭിച്ച നൂര്‍ ലോകത്താകെയുള്ള 8.7 ദശലക്ഷം അഭയാര്‍ഥി പെണ്‍കുട്ടികളിലൊരാളാണ്. ഇത്തരത്തില്‍ അഭയാര്‍ഥികളാകാന്‍ നിര്‍ബന്ധിതരായ പെണ്‍കുട്ടികളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമാണ് വിദ്യാഭ്യാസം തുടരാന്‍ അവസരം ലഭിച്ചിട്ടുള്ളതെന്ന് വിമന്‍സ് റെഫ്യൂജി കമ്മിഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതായത്. 6.1 ദശലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടരാന്‍ അവസരം ലഭിച്ചിട്ടില്ല. ഭാഗ്യവശാല്‍ നൂര്‍ ഇക്കൂട്ടത്തില്‍ പെട്ടിട്ടില്ല.
എന്നുവച്ച് ഇവള്‍ ഭാഗ്യവതിയാണെന്ന് പറയാനാകില്ല. ഇവിടെയും പരിമിതികള്‍ ഈ പെണ്‍കുട്ടികളെ കാത്തിരിക്കുന്നുണ്ട്.
ജോര്‍ദാനിലെ കുട്ടികള്‍ക്കൊപ്പം ഈ അഭയാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ അവകാശമില്ല. പിന്നെ ആകെയുള്ള പോംവഴി സ്‌കൂളുകളില്‍ നിന്നും ജോര്‍ദാനീസ് കുട്ടികള്‍ പിരിഞ്ഞുപോകുന്ന സമയത്ത് സ്‌കൂളില്‍ പ്രവേശിക്കാം എന്നതാണ്. അടുത്ത പ്രതിസന്ധി പഠിപ്പിക്കാനുള്ള അധ്യാപകരുടെ സാന്നിധ്യമാണ്. സ്‌കൂളിലെ അധ്യാപകര്‍ക്ക് സമയമുണ്ടെങ്കില്‍ മാത്രം ഈ അഭയാര്‍ഥികുട്ടികള്‍ക്ക് വിദ്യ പകര്‍ന്നുനല്‍കും.
ഇത്തരത്തില്‍ വിരലിലെണ്ണാവുന്ന അധ്യാപകരെ കാത്തിരിക്കുന്ന ആയിരങ്ങള്‍ക്ക് മുന്നില്‍ വീണ്ടും എത്തുന്നു അടുത്ത പ്രശ്‌നം. വിദ്യാര്‍ഥികള്‍ വിവിധ പ്രായത്തിലുള്ളവരാണ്. അതിനാല്‍ തന്നെ പഠിക്കാനും മനസിലാക്കാനും ഉള്ള ഇവരുടെ കഴിവുകള്‍ വ്യത്യസ്തമാണ്.
വിരലിലെണ്ണാവുന്ന അധ്യാപകര്‍ വെച്ചുനീട്ടുന്ന കുറഞ്ഞ സമയത്തിനുള്ളില്‍ ഇവരില്‍ എത്രപേര്‍ എത്ര മാത്രം അറിവ് നേടിയെടുക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളു. ഇതിനിടെ നൂറിന്റെ കുടുംബത്തിന് യുഎസിലേക്ക് കുടിയേറാന്‍ അവസരം ലഭിച്ചതോടെ പ്രതിസന്ധി ഇരട്ടിയായി. ന്യൂജേഴ്‌സിയിലെത്തിയ നൂറിന്റെ മുന്നില്‍ ഇത്തവണ വന്‍മതില്‍ സൃഷ്ടിച്ചത് 'ഇംഗ്ലീഷ് ഭാഷയാണ്'.
ഇവിടെ നൂര്‍ എന്ന പെണ്‍കുട്ടി സിറിയന്‍ അഭയാര്‍ഥികളുടെ മാത്രമല്ല ലോകത്തെ എല്ലാ അഭയാര്‍ഥികളുടെയും പ്രതീകമാണ്. കുട്ടികള്‍ക്ക് അവരുടെ സ്വന്തം വീട് നഷ്ടമാകുമ്പോള്‍ അതിനോടൊപ്പം വിലപ്പെട്ട പലതും നഷ്ടമാകുന്നു. ഭാവിയിലേക്കുള്ള അവരുടെ ചുവടുവയ്പ്പിന് വിലങ്ങുതടിയാകുന്ന ഈ അവസ്ഥയ്ക്ക് ഇപ്പോഴും അറുതിയില്ല.
