രമ്യ മേനോന്‍
0471-2338100.... വനിതാ ഹെല്‍പ് ലൈന്‍ നമ്പറാണ്. ഏത് പാതിരാത്രിയിലും ഒരു അതിക്രമത്തില്‍പ്പെട്ടാല്‍ ആരും നിര്‍ദ്ദേശിക്കുന്ന നമ്പര്‍. ഇത് എടുക്കുന്ന അങ്ങേ തലയ്ക്കലുള്ളവരുടെ അവസ്ഥ ആ സമയം ഏത് രീതിയിലായിരിക്കും എന്ന് അന്വേഷിച്ചിട്ടുണ്ടോ? എന്നാല്‍ അവിടത്തെ സ്ഥിതിയും മോശമല്ല. ഉദ്യോഗതലത്തിലിരിക്കുന്ന സ്ത്രീകള്‍ ഇനി ഏത് പദവിയിലാണെങ്കിലും അവര്‍ പുരുഷമേധാവിത്വത്തിന് ഒരു തവണയെങ്കിലും ഇരകളായിട്ടുള്ളവരാണ്. മേരി കോമിനെപ്പോലെ ഏത് ഉന്നത പുരസ്‌കാരങ്ങളില്‍ ചുംബിച്ചവരും ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കിരയായിട്ടുള്ളതാണെന്ന് ഒരിക്കലെങ്കിലും വെളിപ്പെടുത്തിയിട്ടുമുള്ളതുമാണ്. ഇന്ത്യയ്ക്കകത്ത് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ പരാതികള്‍ അറിയിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ സംവിധാനം പോലുമില്ല എന്നുള്ളത് നാം മാധ്യമങ്ങള്‍ വഴി അറിഞ്ഞ കാര്യമാണ്. കൂടാതെ അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് ഏതെങ്കിലും ഒരു വിഭാഗം പൊലീസിന് മാത്രമല്ല. എന്നാല്‍ കേരളത്തിലെ സ്ഥിതി ഇതല്ല. സ്ത്രീ സമരങ്ങള്‍ ഏറെ ആഘോഷിക്കപ്പെടുന്ന കേരളത്തിന്റെ തലസ്ഥാനത്ത് പോലും ഒരു വിഭാഗം സ്ത്രീകള്‍ ഒരു സുരക്ഷയുമില്ലാതെ ജോലിചെയ്യുകയാണ്.
കാക്കി യൂണിഫോമിന്റെ മാത്രം ബലത്തില്‍ മറ്റ് അസൗകര്യങ്ങള്‍ക്ക് നടുവിലും ജോലിയോട് കൃത്യനിഷ്ഠയോടെ പെരുമാറുന്ന വനിതാ പൊലീസുകാരാണ് മേല്‍പ്പറഞ്ഞ അവഗണ നേരിടുന്ന ഒരു വിഭാഗം സ്ത്രീകള്‍. ഇവര്‍ക്ക് സമരങ്ങളില്ല. എന്നാല്‍ അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനുമാകില്ല. ചോദിച്ചവര്‍ക്ക് ലഭിച്ചതാകട്ടെ ശിക്ഷകളും.
1973 ഒക്ടോബര്‍ 27ന് കോഴിക്കോട്ടാണ് രാജ്യത്തെ ആദ്യ വനിതാ സ്റ്റേഷന്‍ നിലവില്‍ വന്നത്. രാജ്യത്ത് ആദ്യമായി ഒരു പ്രധാനമന്ത്രി പൊലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനത്തിന് വന്നതും കേരളത്തിലാണ്. ഇന്ത്യയുടെ ഉരുക്ക് വനിതയും പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയാണ് ഈ വനിതാ പൊലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. നാല്‍പ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച വനിതാ പൊലീസ് സ്റ്റേഷന്റെ അവസ്ഥകള്‍ക്ക് ഇനിയും മാറ്റം വന്നിട്ടില്ല. തുടക്കത്തിലേ ഉള്ള ചില തുറിച്ച് നോട്ടങ്ങളും അസഭ്യം പറച്ചിലും കുറഞ്ഞെന്നതൊഴിച്ചാല്‍ സ്ത്രീകള്‍ക്ക് മേലുള്ള മേധാവിത്വം ഇനിയും തുടരുകയാണെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥകള്‍ ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്. അഞ്ഞൂറിലേറെ വനിതാ പൊലീസ് സ്റ്റേഷനുകള്‍ രാജ്യത്ത് ഇന്ന് നിലവിലുണ്ട്. എന്നാല്‍ ആരംഭകാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സി അച്യുത മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിമാനപൂര്‍വം പറഞ്ഞിരുന്ന പ്രൗഢികള്‍ക്കൊന്നും ഇന്നവിടെ സ്ഥാനമില്ല.
ഡ്യൂട്ടി മുതല്‍ തുടങ്ങുന്നു സ്ത്രീകള്‍ക്കെതിരെയുള്ള അവഗണന. വനിതാ പൊലീസ് സ്റ്റേഷനില്‍ ഇന്നും പൊലീസുകാര്‍ കുറവാണ്. കുറ്റകൃത്യം ചെയ്ത പ്രതികളെയും കൊണ്ട് കേരളത്തിലെമ്പാടും നടക്കുന്നത് ഒരു പൊലീസ് സ്റ്റേഷനിലെ മാത്രം ഉദ്യോഗസ്ഥരല്ല. മറ്റ് സ്റ്റേഷനുകളില്‍ നിന്ന് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെയാണ് ഇത്തരത്തില്‍ പ്രതികളെയും കൊണ്ട് പോകാന്‍ നിയോഗിക്കുന്നത്.
വര്‍ഷങ്ങളായി പൊലീസ് ജോലിയില്‍ തുടരുന്നവര്‍ക്കൊഴികെയുള്ളവര്‍ക്ക് അവകാശങ്ങളും നിഷേധിക്കപ്പെടുകയാണിന്ന്. സ്ഥാനക്കയറ്റത്തിന് സാധ്യതയുള്ളവര്‍ക്കുപോലും തന്റെ അവകാശങ്ങള്‍ ചോദിച്ച് വാങ്ങാനുമാകുന്നില്ല. ഒഴിവനുസരിച്ച് പുരുഷന്മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിന് ശേഷമാണ് വനിതാ ഉദ്യോഗസ്ഥരെ പരിഗണിക്കുന്നതുപോലും.
ഔദ്യോഗിക തലത്തില്‍ മാത്രമല്ല, ആനുകൂല്യങ്ങളിലും വനിതാ പൊലീസുകാര്‍ തഴയപ്പെടുകയാണ്. ചോദിക്കാനും പറയാനും ആളില്ല എന്ന ഒരു മൊഴി പോലും ഇവര്‍ക്കിടയില്‍ ഇന്നുണ്ട്. പൊലീസ് സൊസൈറ്റിയില്‍ നിന്നു നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനെത്തുന്ന വനിതാ ഉദ്യോഗസ്ഥര്‍ക്ക് രണ്ടാം പന്തിയിലാണ് ഇവിടെ ഊണ്. പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടയിലാണ് വന്നതെങ്കിലും അവര്‍ക്ക് സമയത്തിന് സാധനങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കാറില്ല. പലപ്പോഴും ഉദ്യോഗസ്ഥന്മാരുടെ ഭാര്യമാര്‍ക്ക് പിന്നില്‍ ക്യൂ നിന്ന ശേഷമാണ് ഇവര്‍ക്ക് സാധനങ്ങള്‍ നല്‍കുക. ഉദ്യോഗകയറ്റത്തിന്റെ പേരില്‍ പരാതി നല്‍കാനെത്തിയ ഒരു ഉദ്യോഗസ്ഥയെ നട്ടം തിരിച്ച സംഭവങ്ങളുമുണ്ട്. അസംബ്ലി സമയങ്ങളില്‍ ഒരു സ്റ്റേഷനില്‍ നാല്‍പ്പതിലധികം വനിതാ ഉദ്യോഗസ്ഥരാണ് എത്തുക. ഇവര്‍ക്കെല്ലാം കൂടി ആകെ ഒരു ശുചിമുറി, ഒരു വിശ്രമ സ്ഥലം ഇങ്ങനെയൊക്കെയുള്ള 'ആര്‍ഭാട' സൗകര്യങ്ങളാണ് ഒദ്യോഗിക തലത്തില്‍ മേലധികാരികള്‍ ഒരുക്കിയിട്ടുള്ളത്. ഒരു പ്രതിയും കൂടി വന്നാല്‍ ഇവിടത്തെ അവസ്ഥ എന്തായിരിക്കും. മെയിന്‍ ഡ്യൂട്ടിയ്ക്ക് തന്നെ ആളുകുറവാണ് പല സ്റ്റേഷനുകളിലും. എന്നാല്‍ കുറവിനനുസരിച്ച് ആരെയും നിയമിക്കുകയുമില്ല.
ഇടയ്ക്കിടെ നടത്തുന്ന കണ്‍വന്‍ഷന്‍ ഒഴികെ വനിതാ ഉദ്യോഗസ്ഥരുടെ അവസ്ഥ അന്വേഷിക്കാന്‍ പോലും ആരുമില്ല. ആവശ്യത്തിന് അവധിപോലും നല്‍കാതെ, വനിതാ നിയമപാലകര്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സുരക്ഷാ വലയങ്ങളുടെ പിന്നാമ്പുറത്ത് ശ്വാസം മുട്ടുകയാണ്.

