രമ്യ മേനോന്‍
ലോകത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സൗജന്യമായി ലഭിക്കുന്ന ഒന്നാണ് ബോധവല്‍ക്കരണ ക്ലാസുകള്‍ വിദ്യാഭ്യാസം മുതല്‍ ദാമ്പത്യം വരെയുള്ള വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ ഇന്ന് നമുക്കുണ്ട്. എന്നാല്‍ ചുരുക്കം ചിലര്‍ മാത്രമാണ് ഇത്തരം പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നത്. പോകുന്നതാകട്ടെ വിദ്യാഭ്യാസ ഉന്നമനത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്കോ മതപരമായ ക്ലാസുകളില്‍പ്പോലും നിര്‍ബന്ധിതമായോ ആണ്. ജില്ലാ ഭരണകൂടം ഉള്‍പ്പെടെയുള്ളവര്‍ ശുചിത്വം, വിദ്യാഭ്യാസം ആരോഗ്യം എന്നിവയില്‍ ബോധവല്‍ക്കരണക്ലാസുകള്‍ മാസം തോറും സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നുള്ള ഗുണം എല്ലാവര്‍ക്കും ലഭിക്കുന്നതിന് ക്ലാസുകളില്‍ പോയേ മതിയാകൂ.
ഈ അടുത്തകാലത്തായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ത്തന്നെ നാം ചില കാര്യങ്ങളില്‍ കാണിക്കുന്ന അലംഭാവത്തിന്റെ തോത് മനസ്സിലാക്കാം. ചവര്‍ കൂമ്പാരങ്ങള്‍ നാട്ടുകാരെ വിഷമത്തിലാഴ്ത്തുന്നു, കുടിവെള്ളം കിട്ടാക്കനി എന്നിങ്ങനെയുള്ള പരാതികള്‍ ഭീമാകാരമായ അക്ഷരങ്ങളില്‍ വരുന്നത് നാം കാണാറുണ്ട്. എത്രയോ പരസ്യങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്ന് പോയിട്ടും അത് എന്താണെന്നോ, എങ്ങനെയാണെന്നോ നോക്കാന്‍ പോലും നാം കൂട്ടാക്കിയിട്ടില്ല. പരിസര ശുചീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നമുക്കാവശ്യമായ സഹായം നല്‍കുന്നതിനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും എത്രയോ ക്ലാസുകളും നമുക്ക് മുന്നിലൂടെ കടന്ന് പോയിട്ടുണ്ട്. എന്നാല്‍ ഈ വക കാര്യങ്ങളില്‍ കൃത്യമായ ഒരു പദ്ധതി ഉണ്ടാക്കാതെയാണ് നാം പലപ്പോഴും ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിക്കുന്നത്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഇതിനെസംബന്ധിച്ചുള്ള പദ്ധതികള്‍ നിരവധി പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടും ആളുകള്‍ മുമ്പേ നടന്ന പാതകളില്‍ നിന്ന് തെല്ല് വ്യതിചലിക്കാന്‍ കൂട്ടാക്കിയിട്ടില്ല. അങ്ങനെയുള്ള പദ്ധതികളെക്കുറിച്ചറിയാനും കൂടി വേണ്ടിയും ഇത്തരം ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. ഞാന്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ ഈ നാട് നന്നാകില്ല എന്ന് ഓരോരുത്തരും വിചാരിക്കുന്നതുകൊണ്ടാണ് ഈ വക ക്ലാസുകള്‍ നാം ഒഴിവാക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളിലും ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കുമാവശ്യമായ ആരോഗ്യ പരിപാലന പദ്ധതികളും മറ്റ് ആരോഗ്യപരമായ കാര്യങ്ങളും മനസ്സിലാക്കുന്നതിനും വേണ്ടിയുമുള്ള ഇത്തരം ക്ലാസുകളെ പലപ്പോഴും വിദ്യാഭ്യാസം കുറഞ്ഞവര്‍ക്കായി മാത്രമുള്ള പഠനക്ലാസുകളായി നിലവാരം കുറച്ച് കാണുകയാണ് പലരും ചെയ്യുന്നത്. നമുക്കെല്ലാം അറിയാം എന്ന ഒരു ഭാവത്തില്‍ നിന്നാണ് പലരും ഇങ്ങനെയുള്ള ക്ലാസുകളെ തള്ളുന്നത്. അടിസ്ഥാനപരമായി മാറ്റം വരാത്ത കാര്യങ്ങളൊഴികെയുള്ള വയില്‍ പുതിയ പദ്ധതികള്‍ എങ്ങനെ സാധ്യമാക്കാം എന്നതുവരെയുള്ള നടപടിക്രമങ്ങള്‍ ഇവയെല്ലാം ബോധവല്‍ക്കരണ ക്ലാസുകളിലെ അധ്യാപകര്‍ നമുക്ക് പറഞ്ഞ് തരാന്‍ സന്നദ്ധരാണ്.
ബോധവല്‍ക്കരണക്ലാസുകള്‍ എന്ന ആശയം രൂപംകൊണ്ടത് തന്നെ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പരിസ്ഥിതിയെ എങ്ങനെ ശ്രദ്ധിക്കണം, ദുരന്തങ്ങളെ എങ്ങനെ നേരിടണം എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ പണ്ടുകാലത്തും സംഘടിപ്പിച്ചിരുന്നു. സുന്‍ സീ എന്നയാളാണ് ഇതാദ്യം നടപ്പിലാക്കിയ വ്യക്തി. ആര്‍ട്ട് ഓഫ് വാര്‍ എന്ന ലേഖനത്തിലൂടെ ബിസി 500-ാം ആണ്ടില്‍ ഇതിനെക്കുറിച്ചുള്ള ലേഖനം അദ്ദേഹം എഴുതിയിരുന്നു.
ആണ്‍പെണ്‍ വ്യത്യാസമില്ലാതെയുള്ള ബോധവല്‍ക്കരണക്ലാസുകള്‍ നടത്തുന്നത് അവര്‍ക്കിടയിലുള്ള പല മിഥ്യാ ധാരണകളെയും ഒഴിവാക്കാന്‍ സഹായിക്കും. പെണ്‍കുട്ടികള്‍ക്കായുള്ള ഇത്തരം ക്ലാസുകളാകട്ടെ പല അവസരങ്ങളിലും എന്ത് ചെയ്യണം എങ്ങനെ പ്രതികരിക്കണമെന്ന് വരെയുള്ള കാര്യങ്ങളില്‍ കുട്ടികള്‍ക്ക് ശരിയായ അവബോധം നല്‍കാറുമുണ്ട്.
എന്നാല്‍ ബോധവല്‍ക്കരണ ക്ലാസുകളില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു വൈരുധ്യമുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളെയും കുറിച്ചുള്ള ക്ലാസുകള്‍ ഇന്നും പലയിടങ്ങളിലും നല്‍കിപ്പോരുന്നത് പെണ്‍സമൂഹത്തിനാണ്. ഈ വിഷയങ്ങളില്‍ ആണ്‍കുട്ടികളെ കൃത്യമായി ബോധവാന്മാരാക്കേണ്ടതുണ്ട് എന്നതാണ് വൈദ്യ സമൂഹം ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ അറിവ് പകരേണ്ടത് വളര്‍ന്ന് കഴിഞ്ഞിട്ടില്ല, വളരുന്ന വേളയിലാണ്. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യ വേഗം പച്ചപിടിക്കുന്ന ഇക്കാലത്ത് സ്വയം കിട്ടുന്ന അറിവുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നത് ഏത് തരത്തിലാണെന്ന് പറയാനാകില്ല. അച്ഛനും അമ്മയ്ക്കും ഒരു പരിധിവിട്ട് പറയാനാകാത്ത കാര്യങ്ങളില്‍ സംശയദൂരീകരണത്തിന് ഉതകുന്നത് സുഹൃത്തുക്കള്‍തന്നെ. എന്നാല്‍ അവരുടെ കൂടെയുള്ളത് ഏത് തരത്തിലുള്ള സുഹൃത്തുക്കളാണെന്ന് നിങ്ങള്‍ക്ക് നിശ്ചയിക്കാനാകില്ല.
അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നാണക്കേടും വിഷമവും കണക്കാക്കാതെ ചിട്ടയായ ഒരു സാമൂഹ്യ ശീലം ഇനിയും നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. മാനസികമായും ശാരീരികമായും നമ്മെ തരംതാഴ്ത്താനല്ല, മറിച്ച് സമകാലിക വിഷയങ്ങളിലുള്ള പുതിയ ചേര്‍ക്കലുകള്‍, അവ നാം വിട്ടുപോകാതിരിക്കാനും ഓര്‍മ്മിപ്പിക്കാനും കൂടിയാണ്.
