ഒരു തുറന്ന ചർച്ചാവേദി

Sunday, 12 March 2017

മിണ്ടാപ്രാണികളുടെ മിശിഹ

കെ. രംഗനാഥ് കൃഷ്ണ

'ഡോക്ടര്‍ ഒന്നു വേഗം വരണം മോനൂനെ വണ്ടിയിടിച്ചു മുഖത്തും ദേഹത്തുമെല്ലാം ഗുരുതരമായ പരിക്കുണ്ട്.........ഇവനെന്തിങ്കിലും പറ്റിയാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല......' ഒരു തേങ്ങലോടെ കോള്‍ കട്ടായി. കോട്ടയത്ത് അടുത്ത ബന്ധുവിന്റെ കല്യാണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ഡോ. ദീപു ഭാര്യയേയും മക്കളേയും അവിടെ നിര്‍ത്തി ഉടന്‍ തന്നെ കാറുമെടുത്ത് ചെങ്ങന്നൂര്‍ ആശുപത്രിയില്‍ പാഞ്ഞെത്തി. അവിടെ കണ്ട കാഴ്ച ഭീകരമായിരുന്നു. 
രക്തത്തില്‍ കുളിച്ച് കുടല്‍മാല പുറത്തുചാടി മരണാസന്നനായി കിടക്കുകയാണ് മോനു. ഉടന്‍ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ക്ഷതമേറ്റ ഭാഗം മുറിച്ചുമാറ്റി കുടല്‍മാല അകത്താക്കി വയര്‍ തുന്നലിട്ടു കഴിയാന്‍ നാലുമണിക്കൂര്‍ കഴിഞ്ഞു. പിന്നെയും ഒരു മണിക്കൂറെടുത്തു മോനു ബോധംവീണ് കണ്ണുതുറക്കാന്‍. കണ്ണുതുറന്നതിന് ശേഷം അവന്‍ ചെറുതായൊന്നു മുരണ്ടു ചുറ്റും കണ്ണോടിച്ച് വാലാട്ടികൊണ്ട് ഡോക്ടറുടെ കൈയ്യില്‍ നക്കാന്‍ തുടങ്ങി. ജീവന്‍ രക്ഷിച്ചതിനുള്ള നന്ദി പറച്ചിലാണത്. 

മോനു എന്ന ടിബറ്റ് വംശജനായ 'ലാസാ ആപ്‌സോ' ഇനത്തില്‍ പെട്ട നായയ്ക്കാണ് അകടം പിണഞ്ഞത്. അവനെ ജീവനു തുല്യം സ്‌നേഹിക്കുന്ന വയോധികനായ ഉടമസ്ഥന്‍ ഡോ. ദീപുവിന്റെ അടുത്ത് വന്നിട്ട് പറഞ്ഞു' അങ്ങ് ഡോക്ടറല്ല, ദൈവമാണ്... മിണ്ടാപ്രണികളുടെ മിശിഹ'. ഡോ. ദീപു ഫിലിപ്പ് മാത്യു എന്ന ചെങ്ങന്നൂര്‍ മൃഗാശുപത്രിയിലെ വെറ്റിനറി സര്‍ജ്ജന് ഇത് ആദ്യ അനുഭവമല്ല. 19 വര്‍ഷത്തെ ഔദ്യോഗിക ജീവതത്തിനിടെ രണ്ടായിരത്തില്‍ പരം മൃഗങ്ങള്‍ക്ക് ശസ്ത്രക്രിയ നടത്തി. ഓന്ത് മുതല്‍ ആനയെ വരെ ചികിത്സിച്ചിട്ടുണ്ട്. ആമ, അണ്ണാന്‍, നായ, പൂച്ച, കോഴി, താറാവ്, പന്നി, ഗിന്നിപ്പന്നി ആട്, പശു, എന്നിങ്ങനെ പോകുന്നു ഡോക്ടറുടെ പേഷ്യന്റ്‌സ്. വണ്ടിയിടിച്ചും, കല്ലുവിഴുങ്ങിയും, മറ്റെന്തെങ്കിലും അസുഖമായും മൃഗങ്ങളുമായി ആരെങ്കിലും ഏത് സമയത്ത് എത്തിയാലും ചികിത്സിക്കാന്‍ റെഡിയാണ്.

രക്തം കണ്ടാല്‍ തലകറങ്ങുന്ന ദീപുവില്‍ നിന്ന് മൃഗ ശസ്ത്രക്രിയാ വിദഗ്ദ്ധനായത് കഠിനാധ്വാനത്താല്‍. ഊര്‍ജ്ജതന്ത്രം പഠിച്ച് ബഹിരാകാശ ശാസ്ത്രജ്ഞനാകണമെന്നായിരുന്നു മോഹം. മെഡിക്കല്‍ എന്‍ട്രന്‍സ് കിട്ടി അവിചാരിതമായി മൃഗചികിത്സാ രംഗത്തേക്ക് എത്തി. രക്തം കണ്ടാല്‍ ഉടന്‍ തലകറങ്ങി വീഴുന്ന പ്രകൃതമായിരുന്നു. മണ്ണൂത്തി വെറ്റിനറി കോളേജിലെ പഠനകാലത്ത് തുടയെല്ലൊടിഞ്ഞ പട്ടിക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അധ്യാപകനായ സീനിയര്‍ ഡോക്ടര്‍ക്കൊപ്പം പോകേണ്ടി വന്നു. രക്തം കണ്ടതും തലകറങ്ങി വീണു. മണിക്കൂറുകള്‍ക്ക് ശേഷം ബോധം തെളിഞ്ഞപ്പോള്‍ അധ്യാപകന്റെ മടിയില്‍ തലവെച്ചു കിടക്കുകയാണ്. തനിക്കൊരിക്കലും ഒരു ഡോക്ടറാകാന്‍ പറ്റില്ലെന്ന് പറഞ്ഞ് കരഞ്ഞ ദീപുവിനോട് അധ്യാപകന്‍ പറഞ്ഞു ' നമ്മള്‍ എന്ത് ഭയക്കുന്നുവോ അത് കൂടുതല്‍ ആവര്‍ത്തി ചെയ്യുക, അങ്ങനെ ഭയത്തെ അതിജീവിക്കുക'.

ആ സംഭവത്തിന് ശേഷം ശസ്ത്രക്രിയാ സംബന്ധമായ പുസ്തകങ്ങള്‍ ഏറെ വായിച്ചു, ഒട്ടേറെ ശസ്ത്രക്രിയകളില്‍ പങ്കാളിയായി. പിന്നീട് ഒരിക്കലും അറപ്പുണ്ടായില്ല, തലകറക്കവും വന്നില്ല. ബിരുദത്തിന് ശേഷം മദ്രാസ് വെറ്റിനറി സര്‍വ്വകലാശാലയില്‍ നിന്ന് മൃഗശസ്ത്രക്രിയയില്‍ സ്വര്‍ണ്ണമെഡലോടെ ബിരുദാനന്തര ബിരുദം നേടി. ഇന്ന് അറിയപ്പെടുന്ന മൃഗശസ്ത്രക്രിയാ വിദഗ്ദ്ധനാണ്. 2009-ല്‍ സംസ്ഥാനത്തെ മികച്ച മൃഗഡോക്ടര്‍ എന്ന പുരസ്‌കാരം ലഭിച്ചു. പല തവണ ജില്ലയിലെ മികച്ച ഡോക്ടര്‍ എന്ന ബഹുമതി തേടിയെത്തിയിട്ടുണ്ട്. 

നായ്ക്കളയാണ് കൂടുതലായി ചികിത്സിക്കേണ്ടി വന്നിട്ടുള്ളതെന്ന് ഡോ. ദീപു പറഞ്ഞു. മനുഷ്യരെ പോലെ നായ്ക്കളില്‍ അര്‍ബുദം രോഗം ഇന്ന് വ്യാപകമായി കാണുന്നു, ഏറെയും വീട്ടില്‍ വളര്‍ത്തുന്ന പട്ടികള്‍ക്കാണ് കണ്ടുവരുന്നത്. നമ്മള്‍ കഴിക്കുന്ന അതേ ഭക്ഷണം തന്നെയാണ് നായ്ക്കള്‍ക്കും കൊടുക്കാറ്. ഭക്ഷണത്തിലെ വിഷാശം തന്നെയാണ് രോഗത്തിനുള്ള കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മനുഷ്യനെ പോലെ സംസാരിക്കാന്‍ മൃഗങ്ങള്‍ക്ക് സാധിക്കാത്തതിനാല്‍ രോഗനിര്‍ണ്ണയം മൃഗങ്ങളില്‍ ഏറെ ബുദ്ധിമുട്ടാണ്. എക്‌സറേ, സ്‌കാനിങ്ങ് അടക്കമുള്ള സംവിധാനങ്ങള്‍ വിരളമാണ്. താല്‍പര്യമില്ലാത്തവര്‍ക്ക് ഈ മേഖലയില്‍ തിളങ്ങാന്‍ സാധിക്കില്ല. മൃഗസംരക്ഷണവും പക്ഷിവളര്‍ത്തലും ഏറെ തൊഴില്‍ സാധ്യതകള്‍ ഉള്ള മേഖലയാണ്. മികച്ച വരുമാന മാര്‍ഗ്ഗം കൂടിയാണ് അദ്ദേഹം പറഞ്ഞു. മദ്രാസില്‍ ഒപ്പം പഠിച്ച് ഇപ്പോള്‍ കുറിയന്നൂര്‍ മൃഗാശുപത്രിയില്‍ സര്‍ജനായ ഡോ. ആര്‍. ചിത്ര ആണ് ജീവിത പങ്കാളി. നികിത, രോഹിത് എന്നിവര്‍ മക്കളും.
Share:
Scroll To Top